ആലുവ: ചുണങ്ങംവേലിയിൽ ജിംനേഷ്യം ട്രെയിനറെ കുത്തിക്കൊന്ന കേസിൽ എടത്തല പൊലീസിന്റെ പിടിയിലായ ചുണങ്ങംവേലി ചാലപ്പറമ്പിൽ കൃഷ്ണപ്രതാപ് എടത്തല പൊലീസിന്റെ കായികക്ഷമത പരിശീലകനായിരുന്നു. പൊലീസിന്റെ മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായിട്ടാണ് സ്റ്റേഷൻ പൊലീസ് ഓഫീസർ മുൻകൈയ്യെടുത്ത് ഒരു വർഷം മുമ്പ് സ്റ്റേഷനിൽ കായിക ക്ഷമത പരിശീലനം സംഘടിപ്പിച്ചത്.
കൃഷ്ണപ്രതാപ് സ്വന്തം ഫേസ് ബുക്ക് പേജിൽ പൊലീസിന് പരിശീലനം നൽകുന്ന വീഡിയോ പങ്കുവച്ചപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ചവർ ഇന്നലെ അതേ വീഡിയോയ്ക്ക് അടിയിൽ ഇയാൾ പൊലീസ് വിലങ്ങണിഞ്ഞ് സ്റ്റേഷനിലേക്ക് വരുന്ന വീഡിയോയും ചിത്രവും പങ്കുവച്ചു. 2023 ഫൈബ്രുവരിയിലാണ് കൃഷ്ണപ്രതാപ് വീഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. അതിൽ പൊലീസ് ഉദ്യോഗസ്ഥരെ ഭാരവസ്തുക്കൾ ഉപയോഗിച്ച് പരിശീലനം നൽകുന്നതും കാണാം. 2019 ൽ മിസ്റ്റർ കേരളയും 2020 ൽ മിസ്റ്റർ ഇന്ത്യ മെഡലുകളും കൃഷ്ണപ്രതാപിന് ലഭിച്ചിട്ടുണ്ട്. എം.ജി യൂണിവേഴ്‌സിറ്റിയിലും രണ്ട് വർഷം ശരീര സൗന്ദര്യത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. കൃഷ്ണപ്രതാപിന്റെ മാതാവും കെ.പി ജിംനേഷ്യത്തിലെ വനിതകളുടെ പരിശീലകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |