ശ്രീനഗർ: പാകിസ്ഥാൻ ആസ്ഥാനമായ നിരോധിത സംഘടനയായ ലഷ്കറെ ത്വയ്ബയുടെ കീഴിൽ ജമ്മുകാശ്മീരിൽ താവളം ഉറപ്പിച്ച പുതിയ ഭീകര സംഘടനയെ സംസ്ഥാന പൊലീസിലെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം വേരോടെ തകർത്തു. ഇവരുടെ റിക്രൂട്ട്മെന്റ് ആസ്ഥാനം അടക്കം പത്തോളം കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെ ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ലാപ്ടോപ്പും മൊബൈൽ ഫോണുകളും നിരവധി സിമ്മുകളും പിടിച്ചെടുത്തു.
പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ ആസ്ഥാനമായി 'തെഹ്‌രീക് ലബയ്ക് യാ മുസ്ലീം' (ടി.എൽ.എം) എന്ന പേരിലാണ് സംഘടന പ്രവർത്തനം തുടങ്ങിയത്. ലഷ്കർ കമാൻഡർ ബാബാ ഹമാസാണ് സംഘടനയുടെ തലവൻ.
ഞായറാഴ്ച ഗന്ദർബാൽ ജില്ലയിൽ ഒരു ഡോക്ടറെയും ആറ് കുടിയേറ്റ തൊഴിലാളികളെയും കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ ത്വയ്ബയുടെ കീഴിലുള്ള മറ്റൊരു സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ഏറ്റെടുത്തതിനു പിന്നാലെയാണ് പൊലീസിന്റെ പ്രഹരം. ശ്രീനഗർ, ഗന്ദർബാൽ, ബന്ദിപോറ, കുൽഗാം, ബുഡ്ഗാം, അനന്ത്നാഗ്, പുൽവാമ എന്നിവയുൾപ്പെടെ നിരവധിയിടങ്ങളിൽ റെയ്ഡ് നടത്തി.
ബാബ ഹമാസ്
ബുദ്ധികേന്ദ്രം
#രാജ്യാന്തര ഭീകര ശൃംഖലകളുമായി ബന്ധമുള്ള അറിയപ്പെടുന്ന ലഷ്കറെ കമാൻഡറാണ് 'ബാബ ഹമാസ്' . പുതിയ സംഘടനയുമായി ബന്ധപ്പെട്ട്
നുഴഞ്ഞുകയറ്റം, ധനസഹായം, റിക്രൂട്ട്‌മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നു.
# തദ്ദേശീയരായ യുവാക്കളെ പ്രാദേശികമായി സംഘടിപ്പിച്ച് നിഴൽ സംഘടനകളുടെ കീഴിലാണ് ഇപ്പോൾ പല ആക്രമണങ്ങളും നടത്തുന്നത്. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഷാഡോ ഗ്രൂപ്പുകളായ കാശ്മീർ ടൈഗേഴ്സ്, പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് തുടങ്ങിയവ ഇത്തരത്തിലുണ്ട്. ഇന്ത്യയുടെ സുരക്ഷ മറികടക്കുക ദുഷ്കരമായതിനാൽ വനത്തിൽ ഒളിച്ചിരിക്കുകയും പുറത്തുവന്ന് ആക്രമണം നടത്തി ഓടിപ്പോവുകയാണ് നിലവിലെ രീതി.
ചൈനയെ കൂട്ടുപിടിക്കുന്നോ?
കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് (എൽ.എ.സി) ഇരുവശവുമുള്ള സേനകളെ പിൻവലിക്കാനും പട്രോളിംഗ് പുനഃസ്ഥാപിക്കാനും ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരിക്കുന്ന സമയമാണിത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനു പിന്നാലെ, പാക് ഭീകര സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്) പുറത്തിറക്കിയ പ്രസ്താവനയിൽ ചൈനയെയും പരാമർശിച്ചു.
ഗന്ദർബാൽ ആക്രമണം നടത്തിയ ടി.ആർ.എഫിനെ അഭിനന്ദിക്കുകയും ചൈനീസ് കോണിലൂടെ ഏഴ് പേരെ വധിച്ചു എന്ന് അവകാശപ്പെടുകയും ചെയ്തു.
`ഞങ്ങളുടെയും ഞങ്ങളുടെ ചൈനീസ് സുഹൃത്തുക്കളുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമായ കിഴക്കൻ അതിർത്തിയിലേക്കുള്ള ഇന്ത്യൻ സൈനിക വിന്യാസം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണിത്'- പ്രസ്താവനയിൽ പറയുന്നു. എന്നാൽ ചൈനയുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ല.
`ഭീകരപ്രവർത്തനങ്ങൾക്കായി യുവാക്കളെ അണിനിരത്തുന്നതിൽ സജീവമായി ഏർപ്പെട്ടിരുന്ന റിക്രൂട്ട്‌മെന്റ് മൊഡ്യൂളിനെ നിർവീര്യമാക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം.'
- ജമ്മു കാശ്മീർ പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |