എൻ.ബി.എഫ്.സികളെ ബാങ്കായി മാറ്റാൻ ശ്രമം
കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങൾ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകർഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസൻസ് നൽകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. നിലവിൽ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങൾ നൽകുന്ന മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട്(എൻ.ബി.എഫ്.സി) ബാങ്കിംഗ് ലൈസൻസെടുക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് മുൻനിര എൻ.ബി.എഫ്.സികൾക്ക് പുതിയ സാഹചര്യത്തിൽ ബാങ്കായി മാറാൻ അനുകൂല സാഹചര്യമൊരുങ്ങുകയാണ്. ഇതോടൊപ്പം സ്‌മാൾ ഫിനാൻസ് ബാങ്കുകൾക്ക് സമ്പൂർണ വാണിജ്യ ബാങ്കുകളായി മാറാവുന്ന തരത്തിൽ നിയമങ്ങളിൽ മാറ്റം വരുത്തിയേക്കും. ഇതിനായി കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും സജീവമായി ചർച്ച നടത്തുകയാണ്.
എൻ.ബി.എഫ്.സികൾ സമ്പൂർണ വാണിജ്യ ബാങ്കുകളായി മാറുന്നതോടെ വിദേശ മൂലധനം കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് ധന മന്ത്രാലയം വിലയിരുത്തുന്നത്. പത്ത് വർഷത്തിന് ശേഷം ഇതാദ്യമായാണ് റിസർവ് ബാങ്ക് പുതിയ ബാങ്ക് ലൈസൻസുകൾ നൽകുന്നത്.
കേരളത്തിലെ എൻ.ബി.എഫ്.സികൾക്ക് സാദ്ധ്യത
മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ് തുടങ്ങിയ കേരളം ആസ്ഥാനമായ ബാങ്കിംഗ് ഇതര ധന സ്ഥാപനങ്ങൾക്ക്(എൻ.ബി.എഫ്.സി) ബാങ്കുകളായി മാറാൻ വലിയ അവസരമാണ് ഇതോടെ ഒരുങ്ങുന്നത്.എന്നാൽ റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പ്രവർത്തനത്തിന് വെല്ലുവിളിയാകുമെന്ന ആശങ്കയിലാണ് ഇവർ ബാങ്കിംഗ് ലൈസൻസ് നേടാൻ മടിക്കുന്നത്. ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് ധന മന്ത്രാലയം റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോർപ്പറേറ്റുകൾക്കും ബാങ്ക് തുടങ്ങാം
റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ബാങ്കിംഗ് രംഗത്തേക്ക് കടക്കാനാകുന്ന വിധം നിയമങ്ങളിൽ മാറ്റം വരുത്താനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. ഇതോടൊപ്പം പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കാനും പടികളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |