നടപ്പുവർഷം
പിൻവലിച്ചത് ഒരു ലക്ഷം കോടി രൂപ
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപ പിൻവലിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിദേശ നിക്ഷേപകരുടെ വിൽപ്പന ശക്തമായത്. നാഷണൽ സെക്യൂരിറ്റീസ് ആൻഡ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ(എൻ.എസ്.ഡി.എൽ) കണക്കുകളനുസരിച്ച് ജൂലായിലെ ആദ്യ രണ്ടാഴ്ചയിൽ വിദേശ നിക്ഷേപകർ 10,280 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തിയത്. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ശക്തമായതോടെ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ വിദേശ നിക്ഷപകർ ഇന്ത്യൻ വിപണിയിൽ വിൽപ്പന ശക്തമാക്കിയിരുന്നു. എന്നാൽ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാൻ ട്രംപ് തീരുമാനിച്ചതോടെ നിക്ഷേപകർ ശക്തമായി തിരിച്ചെത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഒഴിഞ്ഞതും വിദേശ നിക്ഷേപകർക്ക് ആവേശം പകർന്നു. എന്നാൽ ജൂലായ് ആദ്യ വാരം മുതൽ ട്രംപ് പുതിയ തീരുവ പ്രഖ്യാപനങ്ങൾ നടത്തിയതോടെ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുകയാണ്. ആഭ്യന്തര നിക്ഷേപകരുടെ കരുത്തിലാണ് ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ വാരങ്ങളിൽ ശക്തമായി പിടിച്ചുനിന്നത്.
ആശങ്കയോടെ നിക്ഷേപകർ
1. ഡോണാൾഡ് ട്രംപ് അപ്രതീക്ഷിതമായി കാനഡ, മെക്‌സികോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾക്ക് 35 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചതോടെ നിക്ഷേപകരുടെ നെഞ്ചിടിപ്പേറുന്നു
2. അമേരിക്കയിലേക്കുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് താങ്ങാവുന്നതിലും വലിയ തീരുവ ഏർപ്പെടുത്തിയതിനാൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാകാൻ സാദ്ധ്യതയേറുന്നു
3. ഭക്ഷ്യ ഉത്പന്നങ്ങൾക്ക് അടക്കം വില കുത്തനെ കൂടുന്നതോടെ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറയുകയും ഉപഭോഗം ഇടിയുകയും ചെയ്യുന്നതിനാൽ വൻകിട കോർപ്പറേറ്റുകൾ കടുത്ത പ്രതിസന്ധിയിലാകും
4. അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലേക്ക് മൂക്കുകുത്തുന്നതോടെ മുഖ്യ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അനിശ്ചിതമായി വൈകിക്കുന്നതും നിക്ഷേപകർക്ക് തിരിച്ചടിയാകും
പ്രാരംഭ ഓഹരി വിപണി സജീവം
വിപണി കലുഷിതമായി നീങ്ങുന്നതിനിടെയിലും പ്രാരംഭ ഓഹരി വിൽപ്പന രംഗത്ത് നിക്ഷേപകർ സജീവമാകുന്നു. നടപ്പുവാരം മൂന്ന് കമ്പനികൾ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 3,600 കോടി രൂപ സാമഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആന്തം ബയോസയൻസ്, സ്‌പൺവെബ് നോൺവൂവൻ, മോണിക്ക ആൽകോബേവ് എന്നിവയാണ് ഓഹരി വിൽപ്പന നടത്തുന്നത്.
ജൂലായിൽ ആഭ്യന്തര നിക്ഷേപകർ മുടക്കിയത്
12,408 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |