തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അനുദിനം അണപൊട്ടുന്ന വിവാദങ്ങളും ,ചേരിപ്പോരുകളും സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും എതിരാളികളുടെ വീഴ്ചകൾ പരമാവധി മുതലെടുക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. പരമാവധി വോട്ടുകൾ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ.
വയനാട്,പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെടുപ്പിന് പത്ത് നാൾ മാത്രമാണ്ശേഷിക്കുന്നത്. വിജയം അഭിമാന പ്രശ്നവും, തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ടെസ്റ്റ് ഡോസും കൂടിയായതിനാൽ, മുന്നണികൾ സർവ കരുത്തും എടുത്ത്പോരാടുകയാണ്. പ്രിയങ്കാ ഗാന്ധിയിലുടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ വിജയം ഉറപ്പായെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഷാഫിയിലൂടെ കുത്തകയാക്കിയ പാലക്കാട് നില നിറുത്താനും ചേലക്കര പിടിക്കാനുമുള്ള തത്രപ്പാടിലാണ്. പാലക്കാട്ട് സ്ഥാനാർത്ഥി നിർണയത്തിൽ തനിക്കേറ്റ അപമാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടുള്ള പ്രതിഷേധം തുറന്നടിച്ച കെ,മുരളീധരനെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം വിജയം കണ്ടു. .മുരളീധരൻ പത്തിന് പ്രചാരണത്തിനിറങ്ങുമെങ്കിലും, മുരളി ക്യാമ്പിൽ അതൃപ്തി പുകയുന്നുണ്ട്.
'ദിവ്യായുധ'ത്തിന്റെ ചൂടേറ്റ് എൽ.ഡി.എഫ്
സർക്കാരിന്റെ ഭരണനേട്ടങ്ങളും വയനാടിന് കേന്ദ്ര ധന സഹായം ഇനിയും നൽകാത്തതും
വിഷയമാക്കി എൽ.ഡി.എഫ് പ്രചാരണത്തിൽ മുന്നേറ്റം കുറിച്ചതാണ്.എന്നാൽ, എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പ്രതിക്കൂട്ടിലായ പി.പി.ദിവ്യയ്ക്ക് സംരക്ഷണം നൽകിയത് വോട്ടർമാരിൽ എങ്ങനെ
പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് സി.പി.എം. . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതും,ദിവ്യ റിമാൻഡിലായതും ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാണ് സി.പി.എം ശ്രമം.ദിവ്യയ്ക്കെതിരെ സംഘടനാ
നടപടിയെടുക്കാത്തതിലൂടെ, പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന വാദം പൊള്ളയാണെന്ന് സ്ഥാപിക്കാനാണ് എതിരാളികളുടെ ശ്രമം. 1996 മുതൽ ചുവപ്പണിയുന്ന ചേലക്കര ഇത്തവണയും കൈ വിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം. കോൺഗ്രസിൽ നിന്നെത്തി ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ഡോ.പി.സരിനെ പാലക്കാട്ടെ പാർട്ടി അണികൾ ഉൾപ്പെടെ എത്ര കണ്ട് ഉൾക്കൊള്ളുമെന്നതും ചോദ്യ ചിഹ്നമാണ്. പാലായിലെ ജോസ് കെ മാണിയുടെ അനുഭവം മുന്നിലുണ്ട്.
ബി.ജെ.പിക്ക് ഷോക്കായി കുഴൽപ്പണ വിവാദം
വയനാടിന് കേന്ദ്ര സഹായം നൽകാത്തത് എൽ.ഡി.എഫും,യു.ഡി.എഫും ആയുധമാക്കുന്നതിനിടെ,കൊടകര കുഴൽപ്പണ വിവാദം വീണ്ടും ചൂടുപിടിച്ചത് ബി.ജെ.പി മുന്നണിക്ക് അപ്രതീക്ഷിത ഷോക്കായി. പാലക്കാട്ട് നിയമസഭാ സീറ്റ് എങ്ങനെയും പിടിക്കാനുള്ള യുദ്ധത്തിലാണ് ബി.ജെ.പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |