കൊച്ചി : 'ഒറ്റത്തന്ത' പ്രയോഗം പിൻവലിച്ചാൽ സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സർക്കാർ നയമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ക്ഷണിക്കാൻ ഇനിയും സമയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇനി ആംബുലൻസിലോ മറ്റോ കയറി അദ്ദേഹം രഹസ്യമായി വേദിയിലേക്ക് വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു.
ചേലക്കരയിൽ നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. എന്നാൽ ആരുടെയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചത്.
സർക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. ഒറ്റത്തന്ത പ്രയോഗം പിൻവലിച്ചാൽ ക്ഷണിക്കും. സമാപന സമ്മേളനം അടക്കം ഇനിയും നടക്കാനുണ്ട്. പ്രയോഗം തിരുത്താൻ അദ്ദേഹത്തിന് ഇനിയും സമയമുണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലൻസിലോ മറ്റോ കയറിവരുമോ എന്ന് പറയാൻ പറ്റില്ല. അദ്ദേഹം കേന്ദ്രമന്ത്രിയാണ്. വന്നാൽ വേദിയിൽ കസേര കൊടുക്കും. അത് ഞങ്ങളുടെ മാന്യതയാണെന്നും ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്ക് വിളിച്ചുപോയാൽ അത് അംഗീകരിക്കാൻ കഴിയില്ല. എന്തും എപ്പോഴും വിളിച്ചുപറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |