കൊല്ലം: സിനിമയിലെ അവസരം നഷ്ടമാകാതിരിക്കാൻ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ തലമുടി വെട്ടരുതെന്ന് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.വി.നൈനയുടെ ഉത്തരവ്. ട്രെയിൻ യാത്രക്കാരിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ആർ.എസ്.ജ്യോതിയുടെ ഹർജിയിലാണിത്.
13 ദിവസം മുമ്പ് റിമാൻഡിലായ ജ്യോതിയുടെ കഴുത്തറ്റംവരെ നീട്ടിവളർത്തിയ മുടിവെട്ടാൻ ചൊവ്വാഴ്ച കൊല്ലം ജില്ലാ ജയിൽ അധികൃതർ ശ്രമിച്ചിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന തമിഴ് സിനിമയിൽ വില്ലൻ വേഷം ചെയ്യേണ്ടതിനാൽ തനിക്ക് നീണ്ട മുടി വേണമെന്ന് പ്രതി പറഞ്ഞെങ്കിലും ജയിൽ അധികൃതർ നിലപാടിൽ ഉറച്ചുനിന്നു. തൊട്ടുപിന്നാലെ ഭാര്യ ജയിലിൽ കാണാനെത്തിയപ്പോൾ ജ്യോതി ഇക്കാര്യം പറഞ്ഞു. തുടർന്ന് ഭാര്യ അഭിഭാഷകനെ ഏർപ്പെടുത്തുകയായിരുന്നു.
ജയിൽ മാന്വൽ ചൂണ്ടിക്കാട്ടി മുടിവെട്ടണമെന്ന് പ്രോസിക്യൂട്ടർ വാദിച്ചെങ്കിലും പ്രതിക്ക് സിനിമയിലെ അവസരം നഷ്ടമാകരുതെന്ന് കോടതി നിർദ്ദേശിച്ചു. പ്രതിക്കു വേണ്ടി അഭിഭാഷകരായ വേണു.ജെ.പിള്ള, വൈശാഖ്.വി.നായർ, എസ്.ശ്രീജിത്ത് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |