തിരുവനന്തപുരം: പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ സി.പി.എമ്മിന്റെ ഫണ്ട് ശേഖരണത്തിന് പാളയം കണ്ണിമേറ മാർക്കറ്റിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തുടക്കം കുറിച്ചു. ' കണ്ണീർ തുടയ്ക്കാം കൈപിടിച്ചുയർത്താം' എന്ന ബോർഡും ബക്കറ്റുമായിട്ടായിരുന്നു കോടിയേരിയുടെ ഫണ്ട് അഭ്യർത്ഥന. സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് വി. ശിവൻകുട്ടിയും സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനും ഒപ്പമുണ്ടായിരുന്നു. മത്സ്യക്കച്ചവടക്കാരോട് കുശലം ചോദിക്കാനും കോടിയേരി സമയം കണ്ടെത്തി.
മാർക്കറ്റിലെ ഇടതുയൂണിയൻ തൊഴിലാളികളും ഊർജ്ജിതമായി രംഗത്തിറങ്ങി. ചുവന്ന ബക്കറ്റുമായി കോടിയേരിയും സംഘവും എത്തിയപ്പോൾ കച്ചവടക്കാർ ആദ്യമൊന്നമ്പരന്നു. പിന്നീട് തങ്ങളുടെ ഇന്നലത്തെ വരുമാനത്തിൽ നിന്ന് അവർ സംഭാവന നൽകി. ചിലർ നൽകിയ സംഭാവന കുറഞ്ഞുപോയപ്പോൾ നേതാക്കളുടെ നെറ്റി ചുളിഞ്ഞെങ്കിലും ഉള്ളത് കൊടുത്താൽ മതിയെന്നു പറഞ്ഞ് കോടിയേരി അന്തരീക്ഷം മയപ്പെടുത്തി. മത്സ്യക്കച്ചവടക്കാരുടെ അടുത്തെത്തിയപ്പോൾ അവർ പരാതികളുടെ കെട്ടഴിച്ചു. സഹായിക്കണമെന്നുണ്ടെന്നും എന്നാൽ തങ്ങളും ദുരിതത്തിലാണെന്ന് അവർ പറഞ്ഞു. എല്ലാം ശരിയാവുമെന്ന ആശ്വാസവാക്കായിരുന്നു കോടിയേരിയുടെ മറുപടി.
മത്സ്യത്തൊഴിലാളികൾ, പച്ചക്കറി വില്പനക്കാർ, പലചരക്കുകടക്കാർ എന്നിവരും സംഭാവനകൾ നൽകി. ദുരിതാശ്വാസത്തിന്റെ പേരിൽ പിരിവ് ധാരാളമായെന്നും ഇനി നൽകാനാകില്ലെന്നും ചിലർ പറഞ്ഞു. അരമണിക്കൂറിന് ശേഷം പിരിവ് പൂർത്തിയാക്കി കോടിയേരിയും സംഘവും മടങ്ങി. ചാലയിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം. നേരത്തെ നഗരസഭയുടെ കളക്‌ഷൻ സെന്ററിലെത്തിയ കോടിയേരി എസ്.എഫ്.ഐ സമാഹരിച്ച സാധനങ്ങൾ നഗരസഭയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |