തൃശൂർ: നാട്ടാനകളിലെ കാരണവരായിരുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ആനകളിൽ ഒന്നാണ്. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണി പറമ്പിൽ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്നു. 63 വയസുണ്ട് . വടക്കുന്നാഥ ക്ഷേത്രം കൊക്കർണി പറമ്പിലെ തറയിൽ ഉച്ചയ്ക്ക് രണ്ടരയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രായാധിക്യവും ദഹനക്കേടുമാണ് മരണകാരണം. ഔദ്യോഗിക രേഖകളിൽ വയസ് 63 ആണെങ്കിലും എൺപത്തിയഞ്ചിലധികം പ്രായമുണ്ടെന്ന് പറയുന്നു. നാൽപ്പത് വർഷം മുമ്പ് പോപ്സൺ ഗ്രൂപ്പിൽ നിന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് വാങ്ങി വടക്കുംനാഥന് നടയിരുത്തിയത്. ഭണ്ഡാരപ്പിരിവ് നടത്തിയാണ് ആനയെ വാങ്ങുന്നതിന് പണം കണ്ടെത്തിയത്.
കേരളത്തിൽ പ്രധാനപ്പെട്ട എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഒരു മാസമായി സുഖമില്ലാതെ കൊക്കർണി പറമ്പിൽ വിശ്രമത്തിലായിരുന്നു. മൂന്നാഴ്ച മുൻപ് കടലാശേരി പിഷാരിക്കൽ ക്ഷേത്രത്തിലെ വാവാറാട്ടിൽ പങ്കെടുത്തിരുന്നു. പ്രായമേറിയതോടെ ഉത്സവ എഴുന്നള്ളിപ്പുകൾ കുറച്ചു. പിന്നീട് ക്ഷേത്രം ശീവേലികൾക്കാണ് എഴുന്നള്ളിച്ചിരുന്നത്. എരണ്ടക്കെട്ടിന് ചികിത്സയിലായിരുന്നു. വൈകിട്ടോടെ കോടനാട്ടേയ്ക്ക് കൊണ്ടുപോയി. നാളെ സംസ്കാരം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |