ചെന്നൈ: തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ നടി കസ്തൂരി ശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്ന് പരിഗണിക്കും. വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ സമൻസ് നൽകുന്നതിന് എഗ്മൂർ പൊലീസ് പോയസ് ഗാർഡനിലെ നടിയുടെ വീട്ടിലെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നടി ആന്ധ്രയിലാണ് എന്നാണ് വിവരം. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈ എഗ്മൂറിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിലായിരുന്നു നടിയുടെ വിവാദ പരാമർശം. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു പരാമർശം. തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പെടെ പ്രതിഷേധം ഉയർന്നു.
അതിനിടെ തന്റെ പരാമർശം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കസ്തൂരി രംഗത്തെത്തിയിരുന്നു. ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ തെലുങ്ക് കുടുംബത്തെ വേദനിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. പരാമർശം വേദനിപ്പിച്ചെങ്കിൽ മാപ്പപേക്ഷിക്കുന്നതായി സമൂഹമാദ്ധ്യമത്തിൽ കുറിക്കുകയും ചെയ്തിരുന്നു. മലയാള സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള കസ്തൂരി ബിജെപി അനുഭാവിയും ഡിഎംകെയുടെ കടുത്ത വിമർശകയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |