മലപ്പുറം: പെരിന്തൽമണ്ണയിൽ ജുവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണം കവർന്ന കേസിൽ പ്രതിയായ അർജുൻ തന്നെയാണ് വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ കാർ ഓടിച്ച ഡ്രൈവർ. പാട്ടുരക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുൻ ആണ് പെരിന്തൽമണ്ണ കവർച്ച കേസിൽ പിടിയിലായത്. ഇയാൾ അടക്കം ഒമ്പത് പേരെയാണ് അറസ്‌റ്റ് ചെയ‌്തിട്ടുള്ളത്. കവർച്ചാ സ്വർണം വിൽക്കാൻ സഹായിച്ചവരുടെ കൂട്ടത്തിലാണ് അർജുനെ പ്രതിചേർത്തിരിക്കുന്നത്.
ബാലഭാസ്‌കറിന്റെ അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. അർജുന് തലയ്ക്ക് പരിക്കേറ്റത് മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നായിരുന്നു ഫോറൻസിക് പരിശോധനാ ഫലം. ബാലഭാസ്‌കർ പിൻസീറ്റിൽ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറൻസിക് അന്വേഷണത്തിൽ കണ്ടെത്തി. അപകടമുണ്ടായപ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഇയാൾ താൻ അല്ല വാഹനം ഓടിച്ചതെന്ന് കോടതിയിൽ മൊഴി മാറ്റുകയായിരുന്നു.
ആറുവർഷമായിട്ടും ബാലുവിന്റെ മരണത്തിന് പിന്നിലെ നിഗൂഢത ഇന്നും അവശേഷിക്കുകയാണ്. സ്വാഭാവിക കാറപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും എഴുതിത്തള്ളിയെങ്കിലും, പിതാവ് കെ.സി. ഉണ്ണി ഹൈക്കോടതിയെ സമീപിച്ച്, മരണത്തിന് സ്വർണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാൻ ഉത്തരവു നേടി. തുടക്കത്തിൽ സാധാരണ കാറപകടമെന്നായിരുന്നു കരുതിയത്.
ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരും സ്വർണക്കടത്തു കേസിൽ പ്രതിയായതോടെയാണ് ബന്ധുക്കൾക്ക് സംശയമുണ്ടായതും, അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതും. ബാലുവിന്റെ ട്രൂപ്പ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വർണക്കടത്തും ദുരൂഹമായ പണമിടപാടുകളും സംശയകരമായ മൊഴികളുമെല്ലാം പുനരന്വേഷിക്കുകയാണ് സി.ബി.ഐയുടെ രണ്ടാംസംഘം. ബാലുവുമായുള്ള ബന്ധം സുഹൃത്തുക്കൾ സ്വർണക്കടത്തിന് ഉപയോഗിച്ചില്ലെന്നാണ് സി.ബി.ഐയുടെ ആദ്യാന്വേഷണത്തിലെ നിഗമനം. ബാലഭാസ്‌കറിന്റേത് അപകടമരണമാണോ കൊലപാതകമണോ എന്നേ അന്വേഷിച്ചിട്ടുള്ളൂ. മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല.
ഡി.ആർ.ഐയാണ് അത് അന്വേഷിക്കേണ്ടതെന്നായിരുന്നു സി.ബി.ഐ കോടതിയിൽ പറഞ്ഞത്. കാറപകടം ആസൂത്രിതമല്ലെന്നും അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നുമുള്ള കണ്ടെത്തലോടെ ഡ്രൈവർ അർജ്ജുനെതിരെ മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയ കുറ്റപത്രം തള്ളിയാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പല വസ്തുതകളും പരിശോധിക്കാതെ തയ്യാറാക്കിയ സി.ബി.ഐ കുറ്റപത്രത്തിൽ ഒട്ടേറെ പാളിച്ചകൾ ഉള്ളതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി, സാക്ഷി സോബി ജോർജ്ജ് എന്നിവരുടെ ഹർജികളിലാണ് പുനരന്വേഷണത്തിന് ഉത്തരവുണ്ടായത്.
എന്നാൽ, തന്റെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്‌സിഡന്റ് ആയിരുന്നതുകൊണ്ട് ബാലഭാസ്‌കറിന്റെ അമ്മയും അച്ഛനും ഒന്നരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇതേ അർജുൻ കേസ് നൽകിയിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ പെരിന്തൽമണ്ണ ഊട്ടി റോഡിലെ ജുവല്ലറി അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഉടമ യൂസഫിനേയും സഹോദരൻ ഷാനവാസിനേയും കാറിൽ പിറകെവന്ന് ഒമ്പതോളം വരുന്നസംഘം പട്ടാമ്പി റോഡിൽ വച്ച് കവർച്ച ചെയ്ത് കാറിൽ രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ പെരിന്തൽമണ്ണയിലെത്തിച്ച് എസ്‌പി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്തതിലാണ് ദിവസങ്ങളോളം ആസൂത്രണം നടത്തി നടപ്പിലാക്കിയ കവർച്ചയുടെ ചുരുളഴിഞ്ഞത്. മിഥുൻ, സതീഷ്, ലിസൺ, അർജുൻ, എന്നിവർ കവർച്ചാസ്വർണം വിൽക്കാൻ സഹായിച്ചവരും രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |