ശബരിമല: രാവിലെ ഉഷപൂജ കഴിഞ്ഞ് 8 മണിയോടെയാണ് ശബരിമല ശാന്തിമാരുടെ നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ശബരിമല സ്പെഷ്യൽ കമ്മിഷണർ എം.മനോജിന്റെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. രണ്ട് സ്ഥാനത്തേക്കും നേരത്തെ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ 9 പേർ വീതമടങ്ങുന്ന രണ്ട് പട്ടിക തയ്യാറാക്കിയിരുന്നു. ഇതിൽ അഞ്ചുപേർ രണ്ട് പട്ടികയിലും ഇടംനേടി. ആദ്യം ശബരിമല മേൽശാന്തിയെയാണ് തിരഞ്ഞെടുത്തത്. ശാന്തിമാരുടെ പേരുകൾ എഴുതിയ 9 തുണ്ട് കടലാസുകൾ ചുരുളുകളാക്കി ഒരു വെള്ളിക്കുടത്തിലും, ഒന്നുമെഴുതാത്ത എട്ടു കടലാസ് തുണ്ടുകളും ഒന്നിൽ മേൽശാന്തി എന്നെഴുതിയും ചുരുളുകളാക്കി മറ്റൊരു വെള്ളിക്കുടത്തിലും നിക്ഷേപിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കുടങ്ങൾ ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച് പൂജ നടത്തിയശേഷം മടക്കി നൽകി. എട്ട് പേരും പുറത്തായ ശേഷം ഒൻപതാമത്തെ നറുക്കിലാണ് പേരും ശബരിമല മേൽശാന്തിയും എന്ന കുറികൾ ഒത്തുവന്നത്. ഇതോടെ പട്ടികയിലെ ആറാം സ്ഥാനക്കാരനായ സുധീർ നമ്പൂതിരിയെ മേൽശാന്തിയായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. പന്തളം രാജകുടുംബത്തിലെ ഇളമുറക്കാരനായ മാധവ് കെ.വർമ്മയാണ് നറുക്കെടുത്തത്.
സുധീർ നമ്പൂതിരി മാളികപ്പുറത്തെ ലിസ്റ്റിലും ഉൾപ്പെട്ടിരുന്നതിനാൽ ഇൗ പേര് ഒഴിവാക്കിയാണ് മാളികപ്പുറത്ത് നറുക്കെടുപ്പ് നടന്നത്. പട്ടികയിലെ രണ്ടാം പേരുകാരനായ എം.എസ്.പരമേശ്വരൻ നമ്പൂതിരിക്ക് അഞ്ചാമത്തെ നറുക്കിലാണ് ഭാഗ്യം തുണയായത്. പന്തളം കൊട്ടാരത്തിലെ കൊച്ചുമാളികപ്പുറം കാഞ്ചന കെ.വർമ്മ നറുക്കെടുത്തു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എൻ.വിജയകുമാർ, ദേവസ്വം കമ്മിഷണർ എം ഹർഷൻ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിട്ട.ജസ്റ്റിസ് ആർ. ഭാസ്കരൻ എന്നിവർ പങ്കെടുത്തു. നിയുക്ത മേൽശാന്തിമാർ നവംബർ 16 ന് അവരോധിതരാകും. കന്നി ഒന്ന് മുതൽ 30 വരെ ഇവർ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനം പാർക്കും. ക്ഷേത്രപൂജകളും കാര്യങ്ങളും മനസിലാക്കുന്നതിനാണിത്. ഇതിനായി മുമ്പ് തുലാമാസത്തിൽ നടത്തിവന്ന നറുക്കെടുപ്പ് ചിങ്ങത്തിലേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |