കാൻബെറ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം പിങ്ക് ബോൾ ടെസ്‌റ്റിന് മുന്നോടിയായി ഇന്നലെ നടന്ന പരിശീലന മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഓസ്‌ട്രേലിയൻ പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവനുമായി നടന്ന ദ്വിദിന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യദിനം മഴ മൂലം കളി നടന്നിരുന്നില്ല. രണ്ടാം ദിനം 240 റൺസിന് ഓൾഔട്ടായ പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവനെതിരെ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 257 നേടി ഇന്ത്യ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
മത്സരത്തിനിടെ ഡഗൗട്ടിൽ ഇരുന്ന നായകൻ രോഹിത്ത് ശർമ്മയുടെ മുഖഭാവമാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. സർഫറാസ് ഖാൻ പുറത്തായത് കണ്ടപ്പോൾ രോഹിത്തിന്റെ പ്രതികരണമാണ് ഇന്ത്യൻ നായകൻ കരയുകയാണോ എന്ന സംശയം ആരാധകർക്ക് ഉണ്ടാക്കിയത്. മത്സരത്തിന്റെ 44ാം ഓവറിൽ ബാറ്റ് ചെയ്യുകയായിരുന്ന സർഫറാസിനും വാഷിംഗ്‌ടൺ സുന്ദറിനും ക്യാപ്റ്റൻ വമ്പൻ ഷോട്ട് കളിക്കാൻ നിർദ്ദേശം നൽകി. എന്നാൽ പിന്നാലെ ലെഗ്‌സൈഡിലേക്ക് വന്ന പന്ത് തൊട്ട് കീപ്പർ ക്യാച്ചെടുത്ത് സർഫറാസ് പുറത്തായി. ഇതോടെയാണ് രോഹിത്ത് നിരാശയോടെ മുഖം താഴ്‌ത്തി പ്രതികരിച്ചത്.
അഡ്‌ലെയ്ഡിൽ ഡേ ആൻഡ് നൈറ്റായാണ് രണ്ടാം ടെസ്റ്റ് നടക്കുന്നതെന്നതിനാൽ സന്നാഹമത്സരവും ഡേ ആൻഡ് നൈറ്റായി പിങ്ക് പന്ത് ഉപയോഗിച്ചാണ് നടത്തിയത്. ഇന്നലെ രാവിലെയും മഴ പെയ്തതിനാൽ വൈകിത്തുടങ്ങിയ മത്സരം 46 ഓവർ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ രാത്രി ബാറ്റിംഗ് പരിചയത്തിന് വേണ്ടി രാവിലെ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
ഓപ്പണർ സാം കോൺസ്റ്റാസിന്റെ സെഞ്ച്വറിയും (107) മദ്ധ്യനിര ബാറ്റർ ജാക് ക്‌ളേയ്‌ടൺ (40), വാലറ്റക്കാരൻ ഹന്നോ ജേക്കബ്സ് (61) എന്നിവരുടെ മികച്ച പ്രകടനവും ചേർന്നാണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 43.2 ഓവറിൽ 240ലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പേസർ ഹർഷിത് റാണ നാലുവിക്കറ്റും ആകാശ് ദീപ് രണ്ടുവിക്കറ്റും സിറാജ്,പ്രസിദ്ധ് കൃഷ്ണ,വാഷിംഗ്ടൺ സുന്ദർ,രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ യശസ്വി ജയ്സ്വാൾ (45), കെ.എൽ രാഹുൽ (27), ശുഭ്മാൻ ഗിൽ (50), നിതീഷ് കുമാർ റെഡ്ഡി (42), വാഷിംഗ്ടൺ സുന്ദർ (42), രവീന്ദ്ര ജഡേജ (27) എന്നിവർ മികവ്കാട്ടി. രോഹിത് ശർമ്മയ്ക്ക് (3) ഈ ഓസീസ് പര്യടനത്തിലെ ആദ്യ ബാറ്റിംഗ് അനുഭവം പ്രയോജനപ്പെടുത്താനായില്ല. 43ാം ഓവറിൽ ഇന്ത്യ വിജയലക്ഷ്യം കടന്നെങ്കിലും 46 ഓവറും ബാറ്റ് ചെയ്‌ത ശേഷമാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |