ന്യൂഡൽഹി: 2000 രൂപ നോട്ടുകളിൽ 98.08 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023 മേയ് 19നാണ് 200 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. അവ തിരിച്ചെത്തുന്നതിന്റെ എണ്ണവും ഇടയ്‌ക്കിടെ പുറത്തുവിടാറുണ്ട്. 1000, 500 നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ 2016 നവംബറിലാണ് ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ടുകൾ ബാങ്ക് അവതരിപ്പിച്ചത്.
മേയിൽ പിൻവലിക്കൽ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ കൈവശം വച്ചിരുന്ന 2000രൂപ നോട്ടുകളുടെ എണ്ണം 3.56 ലക്ഷം കോടി രൂപയായിരുന്നു, ഇപ്പോഴത് 6,839 കോടി രൂപയായി കുറഞ്ഞിട്ടുണ്ടെന്നും ആർബിഐ അറിയിച്ചു.
2023 ഒക്‌ടോബർ ഏഴ് മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപയുടെ നിക്ഷേപം അല്ലെങ്കിൽ എക്‌സ്‌ചേഞ്ച് സൗകര്യം ലഭ്യമാണ്. എന്നാൽ, 2024 ഒക്‌ടോബറായതോടെ ഈ സേവനം 19 ആർബിഐ ഓഫീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇവിടെയെത്തി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നിക്ഷേപിക്കാം.
അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലക്‌നൗ, മുംബയ്, നാഗ്പൂർ, ഡൽഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആർബിഐ ഓഫീസുകളിലാണ് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനാവുക. നേരിട്ട് മാത്രമല്ല, വ്യക്തികൾക്ക് തപാൽ വഴി രാജ്യത്തുടനീളമുള്ള എവിടെനിന്നും 2000 രൂപ നോട്ടുകൾ ഈ ഓഫീസുകളിലേക്ക് അയയ്‌ക്കാം. ഈ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |