തൃശൂർ: ആർക്കും അറിയില്ല, അറിഞ്ഞാലൊട്ട് കാര്യവുമില്ല.. എന്ന തരത്തിലാണ് നഗരത്തിലെ അലാറം മെഷീനുകൾ നോക്കുകുത്തികളായി നിൽക്കുന്നത്. അനിഷ്ട സംഭവങ്ങളുണ്ടായാൽ പൊതുജനങ്ങൾക്ക് പൊലീസിൽ അറിയിക്കുന്നതിനായി എതാനും വർഷം മുമ്പാണ് എം.ഒ റോഡിലും ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തും മെഷീനുകൾ സ്ഥാപിച്ചത്.
ക്യാമറ ഉൾപ്പെടെ ആധുനിക സംവിധാനത്തോടെയുള്ളതാണിത്. മെഷീനിൽ കയറി നിന്ന് പച്ച, ചുവപ്പ് ബട്ടണുകളിൽ പച്ച ലൈറ്റിൽ അമർത്തി പിടിച്ച് നടന്ന സംഭവം വിവരിച്ചാൽ ശബ്ദം റെക്കാഡ് ചെയ്യുകയും പൊലീസ് കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തുകയും ചെയ്യും. പൊലീസിനെ അലർട്ട് ചെയ്യിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
ആദ്യമൊക്കെ പൊതുജനം ഇത് കൃത്യമായി ഉപയോഗിക്കുകയും പൊലീസിന് ഇടപെടാൻ സാധിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ എജൻസിയുടെ സഹായത്തോടെയാണ് മെഷീനുകൾ സ്ഥാപിച്ചത്.
തേക്കിൻക്കാട് മൈതാനം, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ശക്തൻ, വടക്കേ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ദിവസവും നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകാറുള്ളത്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെ ആളൊഴിഞ്ഞയിടങ്ങളിലും താത്കാലിക ഷെഡ്ഡുകളിലുമായി നിരവധി ഭിക്ഷാടകർ ഇപ്പോഴുമുണ്ട്. ഭിഷാടക മാഫിയാണ് ഇവരെ എത്തിക്കുന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. മതവിശ്വാസികളുടെ വേഷവും ആടയാഭരണങ്ങളും ധരിച്ചും നടക്കുന്നവരുണ്ട്. ആരാധനാലയങ്ങളുടെ പരിസരങ്ങളിലാണ് ഇത്തരം ഭിക്ഷാടകർ കൂടുതലുള്ളത്. ബസുകളിൽ കയറിയിറങ്ങി ഭിക്ഷയെടുക്കുന്നവരമേറെയുണ്ട്.
ഇങ്ങനെ ഒരു മെഷീനുണ്ടോ...ഞങ്ങൾക്കറിയില്ല...
നഗരത്തിൽ ഇത്തരത്തിൽ ഒരു മെഷീൻ സ്ഥാപിച്ചിരിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങൾക്കും അവബോധമില്ല. ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ പൊലീസും തയ്യാറായിട്ടില്ല. ഇങ്ങനെ ഒരു മെഷീൻ ഉണ്ടെന്ന് തങ്ങൾക്കറിയില്ലെന്ന് നഗരത്തിലെത്തിയ വഴിയാത്രക്കാരും പറയുന്നു. മാത്രമല്ല, മാറിവരുന്ന പല പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തരം സംവിധാനത്തെ കുറിച്ച് അറിയാത്ത സ്ഥിതിവിശേഷമാണ്. നഗരത്തിലെ അക്രമികൾ തമ്പടിക്കുന്ന ഭാഗങ്ങളിൽ ക്യാമറകൾ ഇല്ലാത്തതും പൊലീസിന് തലവേദനയാകുന്നുണ്ട്.
സാഹസിക സ്‌കേറ്റിംഗ് അഭ്യാസ പ്രകടനം പൊലീസും കണ്ടില്ല
സ്വരാജ് റൗണ്ടിൽ ഭീതിപരത്തി യുവാവിന്റെ സാഹസിക സ്‌കേറ്റിംഗ് അഭ്യാസ പ്രകടനം പൊലീസ് രണ്ട് ദിവസമായിട്ടും അറിഞ്ഞിട്ടില്ല. നഗരം മുഴുവൻ ക്യാമറ കണ്ണുകളിലാണെന്ന് അവകാശപ്പെടുമ്പോഴാണ് സംഭവത്തെ കുറിച്ച് തങ്ങളറിഞ്ഞില്ലെന്ന് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്ത് വന്നത്. ബിനി ജംഗ്ഷന് സമീപം ഓട്ടോറിക്ഷയിൽ പിടിച്ച് അപകടകരമായ നിലയിൽ സ്‌കേറ്റിംഗ് നടത്തിയ യുവാവ് പിന്നീട് വേഗതയിൽ പോകുകയായിരുന്ന സ്വകാര്യ ബസുകൾക്കിടയിലൂടെ അവയെ മറികടക്കുന്നതും കാണാമായിരുന്നു. തെക്കേ ഗോപൂര നടയ്ക്കു മുന്നിലെ റോഡിലൂടെ വാഹനങ്ങളെ മറി കടന്ന് പോയ ഇയാൾ എം.ഒ റോഡിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇയാൾ എവടേയ്ക്ക് പോയെന്ന് കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |