ബാസൽ : രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനും അഞ്ച് തവണ ലോക ചാമ്പ്യനുമായിട്ടുള്ള ചൈനീസ് ബാഡ്മിന്റൺ ഇതിഹാസം ലിൻഡാനെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിലെത്തി.
ഈ ലോക ചാമ്പ്യൻഷിപ്പ് ഇതുവരെ കണ്ട ഏറ്റവും വലിയ അട്ടിമറിയിലാണ് പ്രണോയ് സൂപ്പർ താരത്തെ കീഴടക്കിയത്. ഇതിന് മുമ്പ് നാലു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ വീതം ഇരുവരും ജയിച്ചിരുന്നു. ഇന്നലെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് പ്രണോയ് വിജയം കണ്ടത്. സ്കോർ 21-11, 13-21, 21-7
ആദ്യ ഗെയിമിൽ 6-2 ന്റെ ലീഡുമായി തുടങ്ങിയ പ്രണോയ് ആദ്യ പകുതിക്ക് പിരിയുന്നതിന് മുമ്പ് 10 - 8 വരെയെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഉജ്വലമായി കളിച്ച മലയാളി താരം 21-11 ന് ഗെയിം സ്വന്തമാക്കി. എന്നാൽ രണ്ടാം പകുതിയിൽ പ്രണോയ്‌യെ നിഷ്പ്രഭനാക്കി ചൈനീസ് വിസ്മയം സ്വതസിദ്ധ ശൈലിയിൽ തിരികെ വരുന്നതാണ് കണ്ടത് 21-13 ന് ഗെയിം ലിൻഡാൻ സ്വന്തമാക്കി. പക്ഷേ രണ്ടാം ഗെയിമിലെ മികവ് മൂന്നാം ഗെയിമിൽ നിലനിറുത്താൻ ലിൻഡാന് കഴിഞ്ഞില്ല. 6-5 എന്ന നിലയിൽ നിന്ന് 14-5 ലേക്ക് മാർച്ച് ചെയ്ത പ്രണോയ്ക്ക് 19-6 ആയി ലീഡുയർത്താനും 21-7 ന് വിജയം കാണാനും കഴിഞ്ഞു.
പ്രീ ക്വാർട്ടറിൽ നിലവിലെ ലോക ചാമ്പ്യൻ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് പ്രണോയ്‌യുടെ എതിരാളി. രണ്ടാം റൗണ്ടിൽ സ്പാനിഷ് താരം ലൂയിസ് എന്ററിക്വെ പെനാലേവറിനെ 21-10, 21-7 നാണ് മൊമോട്ട തോൽപ്പിച്ചത്. ഇതിന് മുമ്പ് പ്രണോയ്‌യും മൊമോട്ടയും നാലു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ചൈനീസ് താരത്തിനായിരുന്നു.
കൊറിയൻ താരം ഡോംഗ് ക്യൂൻ ലിയെ രണ്ടാം റൗണ്ടിൽ 21-16, 21-15 ന് കീഴടക്കിയാണ് സായ് പ്രണീത് പ്രീക്വാർട്ടറിലെത്തിയത്.
3-2
പ്രണോയ് ലിൻഡാനെതിരെ നേടുന്ന മൂന്നാമത്തെ വിജയമാണിത്. ഇവർ തമ്മിൽ ആകെ നടന്ന അഞ്ച് മത്സരങ്ങളിൽ ലിൻഡാന് ജയിക്കാൻ കഴിഞ്ഞത് രണ്ട് തവണ മാത്രമാണ്.
പ്രണോയ്‌യുടെ അട്ടിമറികൾ
2015 ലെ ഫ്രഞ്ച് ഓപ്പണിലായിരുന്നു ലിൻഡാനെതിരെ പ്രണോയ്‌യുടെ ആദ്യ വിജയം. 14-21, 21-11, 21-17 എന്ന സ്കോറിനായിരുന്നു ഫ്രഞ്ച് ഓപ്പണിലെ വിജയം.
2018
ലെ ഇന്തോനേഷ്യൻ ഓപ്പണിൽ രണ്ടാം വിജയം. സ്കോർ 21-15, 9-21, 21-14
2019
ആസ്ട്രേലിയൻ ഓപ്പണിൽ ലിൻഡാൻ പ്രണോയ്‌യെ വേറിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |