വർക്കല: നഗരസഭയുടെ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ടൗൺ ഹാൾ നവീകരണം ഏറക്കുറെ പൂർത്തിയായി. എന്നാൽ ഉദ്ഘാടനത്തെക്കുറിച്ച് ഒരറിവുമില്ല. ഇക്കഴിഞ്ഞ കേരളപ്പിറവിക്ക് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം. എന്നാൽ, പണി തീരാത്തതിനാൽ പുതുവർഷത്തിലേക്ക് മാറ്റിയെങ്കിലും അതും നടന്നില്ല. ആസ്ബസ്റ്റോസ് ഷീറ്റുമേഞ്ഞ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് സ്റ്റേജുൾപ്പെടെ ഹാളിന്റെ പലഭാഗവും ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. ടൗൺഹാളിനോട് ചേർന്നുള്ള മൃഗാശുപത്രി മറ്റൊരിടത്തേക്ക് മാറ്റി ക്യാന്റീൻ സൗകര്യംകൂടി ഒരുക്കിയശേഷം പ്രവർത്തനം ആരംഭിക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും പണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. നവീകരണത്തിന് വർഷാവർഷം നഗരസഭാ ബഡ്ജറ്റിൽ കോടികളാണ് വകയിരുത്തുന്നത്. എന്നാൽ ടൗൺഹാളിന്റെ ഉദ്ഘാടനം നീളുകയാണ്.
കാത്തിരുന്ന നിർമ്മാണം, എന്നിട്ടും...
1985ൽ ഉദ്ഘാടനം നടന്ന ടൗൺഹാളിൽ വിവാഹം,സാംസ്‌കാരിക പരിപാടികൾ,രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും യോഗങ്ങൾ എന്നിവ നടന്നിരുന്നു. കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ നടത്താത്തതും കാരണം കെട്ടിടം ജീർണാവസ്ഥയിലായി. ഏറെ കാത്തിരിപ്പുകൾക്ക് ശേഷം കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.74 കോടി രൂപ ചെലവഴിച്ച് ബഹുവർഷപദ്ധതിയായാണ് നവീകരണം തുടങ്ങിയത്. കരാറുകാർക്ക് പണം നൽകുന്നതിലുണ്ടായ കാലതാമസവും കൊവിഡും കാരണം ജോലികൾ ഇഴഞ്ഞുനീങ്ങി.
മാറ്റങ്ങൾ നവീകരണത്തെ ബാധിക്കുന്നു
ശീതീകരണ സംവിധാനത്തോടെ ആധുനിക രീതിയിൽ നവീകരിക്കുന്ന ഹാളിന്റെ നിർമ്മാണം നിലവിൽ അവസാനഘട്ടത്തിലാണ്. ഫിറ്റിംഗ്സ് ജോലികളും ഇരിപ്പിടസൗകര്യവും പൂർത്തിയാക്കിയാൽ പ്രവർത്തനസജ്ജമാകും. ഫ്ലോർ മാറ്റുകൾ പാകാതെ സീറ്റുകൾ സ്ഥാപിച്ചത് ഇളക്കിമാറ്റിയ നിലയിലാണ്. പദ്ധതിയിൽ അടിക്കടി വരുത്തുന്ന മാറ്റങ്ങൾ നവീകരണ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെവരുന്നതും ഇതുമൂലമാണ്.
പോരായ്മകൾ പരിഹരിക്കും
സ്റ്റേജിലെ പരിപാടികൾ ഏവർക്കും തടസമില്ലാതെ കാണാവുന്ന രീതിയിലാണ് ഇപ്പോൾ രൂപകല്പന ചെയ്തിട്ടുള്ളത്. ശബ്ദസംവിധാനത്തിലെ പിഴവുകളും മുഴക്കവും ഹാളിൽ സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് തടസമായി. പിന്നീട് ചുവരിൽ കയർമാറ്റ് സ്ഥാപിച്ചാണ് താത്കാലിക പരിഹാരം കണ്ടത്. ഹാളിലേക്കുള്ള കവാടം റോഡിനേക്കാൾ താഴ്ന്നതായതിനാൽ മഴ പെയ്താൽ വെള്ളം കയറും. ആവശ്യമായ പാർക്കിംഗ് സൗകര്യമില്ലാത്തതും പോരായ്മയാണ്. മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് ഹാളിന്റെ ബീമുകൾ ബലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |