തൃശൂർ: വർദ്ധിച്ച് വരുന്ന അപകടങ്ങൾ കുറയ്ക്കാനും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും തീരുമാനം. ജില്ലാ റോഡ് സുരക്ഷാ സമിതി യോഗത്തിലണ് തീരുമാനം. വിവിധ ഗതാഗത, റോഡ് സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത യോഗം വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പുരോഗതിയും വിലയിരുത്തി. ജില്ലയിലെ നടപ്പാതകളുടെ അറ്റകുറ്റപ്പണികൾക്കുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ നിർദ്ദേശം നൽകി. റൗണ്ടിലെ നടപ്പാതകളിൽ പരിശോധന നടത്തി ആവശ്യമായ ഇടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നഗരത്തിലെ പല നടപ്പാതകളും സ്ലാബുകൾ തകർന്ന് നടക്കാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി. യോഗത്തിൽ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) കെ.ബി.സിന്ധു, പി.ഡബ്ലു.ഡി, കോർപ്പറേഷൻ, മോട്ടോർ വാഹന വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
സീബ്രാലൈനുകൾ നിറംവയ്പ്പിക്കും
ജില്ലയിലെ മങ്ങിയ സീബ്രാ ക്രോസിംഗുകൾ നവീകരിക്കുന്നതിനുള്ള പ്രവൃത്തികൾ പി.ഡബ്ല്യു.ഡി പലയിടങ്ങളിൽ പൂർത്തീകരിച്ചിട്ടുണ്ട്. മറ്റു റോഡുകളിലെ ആവശ്യമുള്ള സീബ്രാ ക്രോസിംഗുകളുടെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പിലാക്കാൻ കെ.എസ്.ടി.പി, കെ.ആർ.എഫ്.ബി, കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. മങ്ങിയതും വ്യക്തതയില്ലാത്തതുമായ ദിശാബോർഡുകൾ മാറ്റിസ്ഥാപിക്കാനും ബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കാനും കാടുപിടിച്ചു കിടക്കുന്ന ബോർഡുകൾ വൃത്തിയാക്കുന്നതിനും നിർദ്ദേശിച്ചു.
വിയ്യൂർ മുതൽ കോലഴി വരെ അപകട മേഖല
വിയ്യൂർ പവർഹൗസ് ജംഗ്ഷനിലെ അപകടസാധ്യത ഇല്ലാതാക്കാനായി ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പി.ഡബ്ല്യു.ഡി യോഗത്തിൽ സമർപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. ഈ റോഡിൽ ഡിസംബർ മാസത്തിൽ ഒരു അപകടമരണം സംഭവിച്ചതിനാൽ ആവശ്യമുള്ള റോഡ് സുരക്ഷാ നടപടികൾ അടിയന്തിരമായി നടത്തേണ്ടതിന് എസ്റ്റിമേറ്റ് ഉൾപ്പെടുത്തി ഒരു കത്ത് ചീഫ് എൻജിനീയർക്ക് അയയ്ക്കാൻ യോഗം തീരുമാനിച്ചു. വിയ്യൂർ ജയിൽ മുതൽ പമ്പ് വരെയുള്ള റോഡിൽ മീഡിയൻ സ്ഥാപിക്കുന്നതിനെ കുറിച്ച് സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ നിർദ്ദേശിച്ചു.
റോഡപകടങ്ങൾ കുറയ്ക്കാൻ കോലഴി മുതൽ ഡോക്ടർ പടി വരെയുള്ള റോഡിൽ ബ്ലിങ്കിംഗ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനു വേണ്ടി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം 358 മരണം
ജില്ലയിലെ റോഡപകടങ്ങളിലൂടെ കഴിഞ്ഞ വർഷം 4801 അപകടങ്ങളിൽ 358 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023ൽ തൃശൂർ ജില്ലയിൽ 5002 റോഡ് അപടങ്ങളിലായി 441 മരണങ്ങൾ റിപ്പോർട്ട് ചെയതിരുന്നു. 2023നെ അപേക്ഷിച്ച് അപകട മരണങ്ങൾ കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്.
റോഡ് സുരക്ഷാ നടപടികളുടെ പുരോഗതി വിലയിരുത്താൻ എല്ലാ മൂന്നു മാസങ്ങളിലും സുരക്ഷാ സമതി യോഗം ചേരും.
-അർജൂൻ പാണ്ഡ്യൻ,
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |