തിരുവനന്തപുരം: ഷാരോൺ കേസിൽ പ്രതി ഗ്രീഷ്‌മയ‌്ക്ക് വധശിക്ഷ തന്നെ ലഭിക്കുമെന്ന് മനസിലായത് ഏത് ഘട്ടത്തിലെന്ന് വ്യക്തമാക്കി പബ്ളിക് പ്രോസിക്യൂട്ടർ വി.എസ് വിനീത്. ലോകത്തിൽ ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന വേദനയിൽ ഏറ്റവും വലുതാണ് ഷാരോൺ രാജ് അനുഭവിച്ചത്. ഇത് കോടതിക്ക് മനസിലാക്കാൻ കൂടി കഴിഞ്ഞാതാണ് ഏറ്റവും വലിയ ശിക്ഷ പ്രതിക്ക് കിട്ടാൻ കാരണമെന്നും വിനീത് പറഞ്ഞു.
''ആത്മാർത്ഥമായിട്ട് പറയുകയാണെങ്കിൽ കേസ് വധശിക്ഷയിൽ അവസാനിക്കുമെന്ന് എന്റെ മനസിൽ ആദ്യമായി തോന്നിയത് ശിക്ഷയെ കുറിച്ച് കോടതി പരാമർശിക്കുന്ന വേളയിലാണ്. പ്രതിയെ അടുത്ത് വിളിച്ച ശേഷം, ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. അന്ന് പ്രതി ഗ്രീഷ്‌മ പറഞ്ഞ കുറേ കാര്യങ്ങൾ കോടതി രേഖപ്പെടുത്തി. തുടർന്ന് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗം അഭിഭാഷകന്റെയും വാദം കേൾക്കും. അതിന് ശേഷമാണ് അപൂർവങ്ങളിൽ അപൂർവം എന്ന കാറ്റഗറിയിലേക്ക് വിധി വരുമെന്ന് ബോദ്ധ്യപ്പെട്ടത്. ആ ബോദ്ധ്യം കോടതി കൂടി അംഗീകരിച്ചതോടെ വളരെ സംതൃപ്തിയാണ് തോന്നിയത്. ''
വിധി എഴുതിയതിന് ശേഷം, വിധിയെഴുതിയ പേനയുടെ നിബ് ജഡ്ജി കുത്തിയൊടിച്ചില്ല. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറാണ് 568 പേജുള്ള വിധി പ്രസ്താവിച്ചത്. വിധിയ്ക്ക് പിന്നാലെ അഭിഭാഷകർ ഉൾപ്പടെ ഉറ്റുനോക്കിയത് ജഡ്ജി പേന കുത്തിയൊടിക്കുന്നുണ്ടോയെന്നാണ്. എന്നാൽ അതുണ്ടായില്ല. ജഡ്ജി എ.എം.ബഷീർ അത്തമൊരു വിശ്വാസമോ കീഴ്‌വഴക്കമോ പിന്തുടരാറില്ലെന്നാണ് മുതിർന്ന അഭിഭാഷകർ പറയുന്നത്.
ഒരിക്കൽ വധശിക്ഷ വിധിച്ച് വിധിന്യായത്തിൽ ഒപ്പിട്ടാൽ ജഡ്ജി അത് പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഒഴിവാക്കാൻ പേനത്തുമ്പ് ഒടിച്ചുകളയുന്നു എന്നതാണ് ഒരു വാദം. ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷാവിധിയിലൂടെ പേന ചെയ്യുന്നത്. ഈ പേന മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്റെ പ്രതീകമായാണ് ജഡ്ജിമാർ പേന മാറ്റിവയ്ക്കുകയോ ഒടിച്ചുകളയുകയോ ചെയ്യുന്നതെന്നും പറയപ്പെടുന്നു. ഇത് രണ്ടിലും വിശ്വസിക്കാത്ത ന്യായാധിപൻമാരിലൊരാളാണ് എ.എം.ബഷീർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |