കേരള പൊലീസിന്റെ ക്രൈം സ്റ്റോറികൾ എടുത്തു പരിശോധിച്ചാൽ എന്നും ഓർത്തുവയ്ക്കുന്ന ഒന്നാണ് ഭാസ്‌കരക്കാരണവർ വധക്കേസ്. 2009 നവംബർ ഏഴിന് നടന്ന കൊലപാതകത്തിൽ ഒന്നാം പ്രതിയായ ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതോടെ ആ കേസും നാൾവഴികളും വീണ്ടും ചർച്ചയാകുകയാണ്. മോഷണത്തെത്തുടർന്നുണ്ടായ കൊലപാതകമാണെന്ന് അദ്യം കരുതിയെങ്കിലും പൊലീസ് മികവിൽ അന്വേഷണം കൃത്യമായി പ്രതികളിലേക്ക് എത്തി. ഭാസ്‌കരക്കാരണവർ വധവും പ്രതികളിലേക്ക് പോലീസ് എത്തിയതും എങ്ങനെയാണെന്ന് പരിശോധിക്കാം.
ആദ്യം മോഷണമെന്ന് കരുതി
മോഷണവും പിന്നീടുണ്ടായ കൊലപാതകവുമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ മരണാനന്തര ചടങ്ങിന് ശേഷം പൊലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചതോടെയാണ് അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിയത്. അന്നത്തെ ചോദ്യം ചെയ്യലിൽ മരുമകളായ ഷെറിൻ തന്നെയാണ് വീടിന്റെ മുകളിലത്തെ നിലയിൽ ഒരു സ്ലൈഡിംഗ് വിൻഡോ ഉണ്ടെന്നും അതുവഴി ഒരാൾക്ക് രണ്ടാം നിലയിലേക്ക് പ്രവേശിക്കാമെന്നും പറഞ്ഞത്. എന്നാൽ ഒരു ഏണിയില്ലാതെ അതിന്റെ മുകളിൽ കയറി നിൽക്കാനാവില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മതിലിനോട് ചേർന്ന് ഒരു ഏണി കണ്ടെത്തി. എന്നാൽ അതിൽ മുഴുവൻ പൊടിപിടിച്ചിരുന്നതിനാൽ ഈ അടുത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് മനസിലായി.
അന്ന് രാത്രി നായ്ക്കൾ കുരച്ചില്ല
വീട്ടിൽ ഭാസ്‌കര കാരണവർ അരുമകളായ രണ്ട് നായ്ക്കളെ വളർത്തിയിരുന്നു. അന്ന് രാത്രി അവർ കുരച്ചില്ല. അതുകൊണ്ട് തന്നെ മോഷ്ടാക്കളാണ് കൃത്യം നടത്തിയതെങ്കിൽ അവർക്ക് വീട്ടിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനസിലായി. സംശയം തോന്നിയ പൊലീസ് ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചു. അന്ന് രാത്രി ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. ഇപ്പോൾ കേസിൽ ശിക്ഷ അനുഭവിക്കുന്ന ബാസിത്ത് അലിയുടെ നമ്പരായിരുന്നു അത്. പിന്നീട് നടത്തിയ പരിശോധനയിൽ കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ള വിരലിന്റെ പാട് ബാസിത്ത് അലിയുടേതാണെന്ന് കണ്ടെത്തി.
കാരണവരെ വധിച്ചതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച് ബാസിത്ത് ഷെറിന് നൽകിയ വെള്ളിമോതിരവും വീട്ടിൽ നിന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ തൊണ്ടി മുതലെല്ലാം മറുനാട്ടിൽ നിന്ന് കണ്ടെടുക്കാൻ പൊലീസിന് സാധിച്ചു. പ്രതികൾ ഇവർ തന്നെയാണെന്ന് തെളിവ് ലഭിച്ചതോടെ 89ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
മരുമകളായി കുടുംബത്തിലേക്ക്
ശരീരികമായ വെല്ലുവിളി നേരിടുന്ന ഇളയ മകൻ ബിനു പീറ്റർ കാരണവറിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയായിരുന്നു നിർധന കുടുംബത്തിൽ നിന്നുള്ള ഷെറിനെ മരുമകളായി വീട്ടിലേക്ക് എത്തിച്ചത്. ഇതിന് വേണ്ടി ഷെറിന്റെ ബാദ്ധ്യതയെല്ലാം തീർത്തുകൊടുത്തു. വിവാഹം കഴിഞ്ഞാൽ അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് ഷെറിന് ഉറപ്പുനൽകിയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇരുവരും അമേരിക്കയിൽ എത്തി. അന്ന് അവിടെ ജോലിക്ക് കയറിയ സ്ഥാപനത്തിൽ നിന്ന് മോഷണത്തിന് പിടികൂടിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. പിന്നീട് ഭർത്താവിനും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെ ദാമ്പത്യ ജീവിതത്തിൽ ചില പൊരുത്തക്കേടുകളും ആരംഭിച്ചു.
ഓർക്കൂട്ട് പരിചയപ്പെടുത്തിയ ബാസിത്ത് അലി
അന്നത്തെ കാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കൂട്ടിലൂടെയാണ് ബാസിത്ത് അലിയെ ഷെറിൻ പരിചയപ്പെടുന്നത്. മൊബൈൽ കൂടി ലഭിച്ചതോടെ ഷെറിന്റെ പുരുഷ സൗഹൃദം വലിയ രീതിയിൽ വർദ്ധിച്ചു. അങ്ങനെ പരിചയപ്പെടുന്നവർ വീട്ടിലേക്ക് എത്തി. ഒരേ സമയത്ത് ഒന്നിലധികം പേർ ഷെറിനെ കാണാൻ വീട്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. പുരുഷ സുഹൃത്തുക്കളുടെ വരവ് ഭാസ്‌കര കാരണവർ കണ്ടതോടെ അവരുടെ സന്ദർശനം കാരണവരുടെ മുന്നിലൂടെയായി. ഇതോടെ ഷെറിന് തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി വിൽപത്രം എഴുതി. കാരണവരിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം കൂടി നിന്നതോടെ പലരിൽ നിന്നായി ഷെറിൻ പണം കടം വാങ്ങാൻ തുടങ്ങി. ഈ കടങ്ങളെല്ലാം കാരണവർ തന്നെ വീട്ടേണ്ടി വന്നു.
അരുംകൊല പകയിൽ
സ്വത്തിൽ നിന്നും ഒഴിവാക്കിയ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളും അവരുടെ സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിൻ എന്നിവർക്കൊപ്പമാണ് കാരണവരെ വധിക്കുന്നത്. വീട്ടിലുണ്ടായിരുന്ന നായ്ക്കൾ കുരയ്ക്കാതിരിക്കാൻ അവയ്ക്ക് മയക്കുമരുന്ന് നൽകി. കേസിൽ ശിക്ഷിക്കപ്പെട്ട് 14 വർഷത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം ഷെറിന്റെ ശിക്ഷയിൽ ഇളവ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |