വിജ്ക് ആൻ സീ (നെതർലൻഡ്സ് ): ലോകചാമ്പ്യൻ ഡി. ഗുകേഷിനെ ടൈബ്രേക്കറിൽ കീഴടക്കി ആർ.പ്രഗ്‌നാനന്ദ ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ചെസ് ടൂർണമെന്റ് കിരീടം സ്വന്തമാക്കി. 2006ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി പ്രഗ്‌നാനന്ദ. അവസാന റൗണ്ട് ക്ലാസിക്ക് ഗെയിമുകളിൽ ഇരുവരും തോറ്റതോടെ ഒന്നാം സ്ഥാനത്തുള്ള ഇരുവർക്കും 8.5 പോയിന്റുവീതമായി. ഇതോടെയാണ് വിജയിയെ തീരുമാനിക്കാൻ ടൈബ്രേക്കർ വേണ്ടി വന്നത്.
തോൽവി അറിയാതെ മുന്നേറുകയായിരുന്ന ഗുകേഷ് പതിമ്മൂന്നാം റൗണ്ട് ക്ലാസിക്കൽ മത്സരത്തിൽ അർജുൻ എരിഗെയ്‌സിയോടാണ് 31 നീക്കങ്ങൾക്കൊടുവിൽ തോറ്റത്. പതിമ്മൂന്നാം റൗണ്ടിലെ മാർത്തൺ പോരാട്ടത്തിൽ ജർമ്മൻ തരം വിൻസന്റ് കീമറിനോടാണ് പ്രഗ്‌നാനന്ദ തോറ്റത്.
തുടർന്ന് മൂന്ന് ബ്ലിറ്റ്‌സ് ഗെയിം ഉൾപ്പെട്ട ടൈബ്രേക്കറിൽ സഡൻ ഡെത്തിൽ പ്രഗ്ഗ് ജയമുറപ്പിക്കുകയായിരുന്നു. ആദ്യ ബ്ലിറ്റ്‌സ് ഗെയിമിൽ ഗുകേഷാണ് ജയിച്ചത്. എന്നാൽ രണ്ടാം ബ്ലിറ്റ്‌സ് ഗെയിമിൽ ജയിച്ച് പ്രഗ്ഗ് തിരിച്ചുവന്നു. തുടർന്ന് സഡൻഡെത്ത് പോരാട്ടത്തിൽ ഗുകേഷ് വരുത്തിയ പിഴവ് പ്രഗ്ഗിന്റെ വിജയവും കിരീടവുമുറപ്പിക്കുകയായിരുന്നു.
ലോകചാമ്പ്യനായ ശേഷം ഗുകേഷ് കളിച്ച ആദ്യ ടൂർണമെന്റായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |