ആലുവ: ദേശീയപാതയുടെ സമാന്തര റോഡിൽ നിന്ന് പൊലീസ് സഹായത്തോടെ നഗരസഭാ അധികൃതർ ഒഴിപ്പിച്ച വഴിയോര കച്ചവടക്കാർ 24 മണിക്കൂറുകൾക്കകം അതേസ്ഥാനത്ത് തിരിച്ചെത്തി നിയമത്തെ വെല്ലുവിളിക്കുന്നു.
വെള്ളിയാഴ്ചയാണ് മാർക്കറ്റ് മേൽപ്പാലത്തിന് സമീപത്തെ സമാന്തര റോഡിൽ നിന്ന് ഫ്രൂട്ട്സ് കച്ചവടക്കാരെ നഗരസഭ ആരോഗ്യവിഭാഗം ഒഴിപ്പിച്ചത്. ചില രാഷ്ട്രീയക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും സഹായത്തോടെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടതോടെ പിൻമാറുകയായിരുന്നു. എന്നാൽ ഇന്നലെ രാവിലെ മുതൽ ഒഴിപ്പിച്ച ഭാഗത്ത് കച്ചവടക്കാർ തിരിച്ചെത്തി. പാനായിക്കുളം സ്വദേശിയാണ് പലഭാഗങ്ങളിൽ ഓട്ടോറിക്ഷകളും വർണകുടകളും എത്തിച്ച് വഴിയോര കച്ചവടത്തിന് നേതൃത്വം നൽകുന്നതെന്ന് ആക്ഷേപമുണ്ട്. കച്ചവടത്തിന് തൊഴിലാളികളായി നിയോഗിക്കുന്നവരിൽ പലരും അന്യസംസ്ഥാനക്കാരാണ്.
ആലുവയിൽ നിന്ന് അങ്കമാലി, പറവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ യുടേൺ ചെയ്യുന്ന ഭാഗത്താണ് അനധികൃത കച്ചവടം വ്യാപകം. ഇവിടെ സാധനങ്ങൾ വാങ്ങാൻ കാറുകളും മറ്റും നിർത്തിയിടുന്നത് പലപ്പോഴും ഗതാഗതകുരുക്കിന് ഇടയാക്കാറുണ്ട്.
വീണ്ടും കൈയേറിയവർക്കെതിരെ നിയമനടപടി വേണം
ദേശീയപാതയിലെ സമാന്തര റോഡിൽ നിന്നും ഒഴിപ്പിച്ചവർ വീണ്ടും കൈയ്യേറിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാനും സെക്രട്ടറിക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ ഉത്തരവ് തുടർച്ചയായി ലംഘിച്ചാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാം. ഈ വകുപ്പ് ഉപയോഗപ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഒഴിപ്പിക്കൽ ഒത്തുകളിയെന്ന് ബി.ജെ.പി
നഗരസഭ അധികൃതർ കൈയേറ്റക്കാർക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ, കൗൺസിലർ എൻ. ശ്രീകാന്ത് എന്നിവർ ആരോപിച്ചു. ബസ് സ്റ്റോപ്പ് വരെ കച്ചവടക്കാർ കൈയേറിയിട്ടും നഗരസഭയും പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി എടുക്കുന്നില്ല. കൈയേറ്റത്തിനെതിരെ നിലകൊള്ളുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |