അതിവേഗ റെയിലിനു വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പ് ആലോചനകളിലും നിർദ്ദേശങ്ങളിലും ഒതുങ്ങി വർഷങ്ങളായി നീണ്ടുനീണ്ടു പോവുകയാണ്. ഇതിനിടെ കെ - റെയിൽ എന്ന സിൽവർ ലൈൻ നിർദ്ദേശം ട്രാക്കിലാക്കാനുള്ള പരിശ്രമങ്ങൾ ജനങ്ങളിൽ നിന്നുയർന്ന എതിർപ്പിനെത്തുടർന്ന് മാറ്റിവയ്ക്കേണ്ടി വരികയും ചെയ്തു. സാങ്കേതികവും പ്രായോഗികവുമായ ഒട്ടേറെ ന്യൂനതകൾ ഉൾക്കൊള്ളുന്നതായിരുന്നു സിൽവർ ലൈനിനു വേണ്ടി രൂപപ്പെടുത്തിയ പ്രോജക്ട് റിപ്പോർട്ട്. കെ - റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് സർക്കാർ നയം വ്യക്തമാക്കുമ്പോഴും, ജനങ്ങളുടെ എതിർപ്പ് മറികടന്ന് അത് എങ്ങനെ നടപ്പാക്കാനാവുമെന്നതിൽ വ്യക്തമായ രൂപമൊന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ റെയിൽവേ വികസന കാര്യത്തിൽ ഏറെ താത്‌പര്യം കാണിക്കുന്ന മെട്രോമാൻ എന്നറിയപ്പെടുന്ന പരിചയസമ്പന്നനായ ഇ. ശ്രീധരൻ പുതിയൊരു പദ്ധതി നിർദ്ദേശവുമായി സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് കാസർകോട് വരെ നീളുന്ന വേഗ റെയിൽ പാതയ്ക്കു പകരം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ അവസാനിക്കുന്ന സെമി ഹൈസ്‌പീഡ് പാത ആകാമെന്ന നിർദ്ദേശമാണ് ഇപ്പോൾ സർക്കാരിനു മുന്നിലുള്ളത്. ഇതിനുള്ള സാദ്ധ്യത തേടുകയാണ് സർക്കാർ. ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ഇതിന്റെ പഠനത്തിനായി നിയമിക്കുകയും ചെയ്തു. ശ്രീധരനെക്കൂടി ഉൾപ്പെടുത്തി പദ്ധതി നിർവഹണം നടത്താനും സർക്കാരിനു താത്‌പര്യമുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരം സ്റ്റാൻഡേർഡ് ഗേജ് പാത നിർമ്മിക്കാൻ 86,000 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. നിർമ്മാണം തീരുമ്പോൾ മൊത്തം ചെലവ് ഒരുലക്ഷം കോടി വരെ ഉയർന്നേക്കാം. ആറുവർഷം വേണ്ടിവരും പദ്ധതി പൂർത്തിയാക്കാൻ. പദ്ധതിക്കാവശ്യമായ പണം എങ്ങനെ കണ്ടെത്തണമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് തീരുമാനത്തിലെത്തേണ്ടതുണ്ട്.
സിൽവർ ലൈനിനും ഏതാണ്ട് ഇതേ തുകയാണ് നിർമ്മാണച്ചെലവ് കണക്കാക്കിയിരുന്നത്. സിൽവർ ലൈൻ പദ്ധതിയേക്കാൾ സ്വീകാര്യമായ പലതും ഉൾക്കൊള്ളുന്നതാണ് ശ്രീധരൻ മുന്നോട്ടുവയ്ക്കുന്ന പദ്ധതിരേഖ. ഏറ്റവും പ്രധാനം ഭൂമി ഏറ്റെടുക്കൽ വൻതോതിൽ വേണ്ടെന്നുള്ളതാണ്. പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത് തൂണുകളിലും തുരങ്കങ്ങളിലും കൂടിയാണ്. വിശാലമായ രീതിയിൽ ഭൂമി ഏറ്റെടുക്കൽ ഒരിടത്തും വേണ്ടിവരില്ല. പാത കടന്നുപോകുന്ന ഇടങ്ങളിൽ 20 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്താൽ മതിയാകും. പാത യാഥാർത്ഥ്യമായിക്കഴിഞ്ഞാൽ ഭൂവുടമയ്ക്കു തന്നെ ഈ ഭൂമി പാട്ടത്തിനു നൽകാനുമാകും. കാരണം കെട്ടിയുയർത്തിയ തൂണിലൂടെയാണല്ലോ പാത കടന്നുപോകുന്നത്. സിൽവർ ലൈനിനോടുള്ള പ്രധാന എതിർപ്പ് വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതിനോടായിരുന്നു.
25 - 30 കിലോമീറ്ററിൽ ഒരു സ്റ്റേഷൻ എന്ന കണക്കിൽ ആകെ 15 സ്റ്റേഷനുകളാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. ഓരോ അരമണിക്കൂറിലും ഒരു ട്രെയിൻ എന്ന രീതിയിലായിരിക്കും സർവീസ്. ഭാവിയിൽ രാജ്യത്തെ പ്രധാന വേഗ പാതകളുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന സൗകര്യവും ഈ പദ്ധതിക്കുണ്ട്. തിരുവനന്തപുരം - കണ്ണൂർ ദൂരം ഓടിയെത്താൻ മുന്നേകാൽ മണിക്കൂർ മതിയാകും. യാത്രാസമയത്തിലെ ലാഭം വലിയ നേട്ടം തന്നെയായിരിക്കും. എട്ടോ പത്തോ വരി റോഡുകളുടെ പ്രയോജനമാണ് ഒരു വേഗറെയിൽ വഴി നേടാനാവുന്നത്. സംസ്ഥാനത്തെ നിരത്തുകളിൽ ദിവസേന പൊലിയുന്ന മനുഷ്യജീവനുകൾ രക്ഷിക്കാനും റെയിൽ യാത്രാസൗകര്യം വർദ്ധിക്കുന്നതോടെ സാധിക്കും. പരിസ്ഥിതിക്കും മനുഷ്യർക്കും അധികം ദോഷം ചെയ്യാത്ത പുതിയ റെയിൽ പദ്ധതി കേന്ദ്രത്തിൽ നിന്നും റെയിൽവേ ബോർഡിൽ നിന്നും ആവശ്യമായ അനുമതി വാങ്ങി നടപ്പാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാന സർക്കാരിൽ നിന്ന് ഇനി ഉണ്ടാകേണ്ടത്. വേഗത്തിലുള്ള തീരുമാനവും നടപടികളുമാണ് ആവശ്യം. കാലം ആർക്കുവേണ്ടിയും കാത്തുനില്കുകയില്ലെന്ന യാഥാർത്ഥ്യം മനസിലാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |