ന്യൂഡൽഹി : പ്രതിയെ ആജീവനാന്തം ജയിലിൽ തളച്ചിടാൻവേണ്ടി ദുരുപയോഗിക്കാനുള്ളതല്ല കള്ളപ്പണം തടയൽ നിയമമെന്ന് സുപ്രീംകോടതി ഇ.ഡിയെ ഓർമ്മപ്പെടുത്തി. ഛത്തീസ്ഗഢിലെ മദ്യലോബി കോഴക്കേസിൽ പ്രതിയായ മുൻ എക്സൈസ് ഓഫീസർ അരുൺ പതി ത്രിപാഠിക്ക് ജാമ്യം അനുവദിക്കവെയാണ് വിമർശനം. കേസിൽ ഇ.ഡിയുടെ കുറ്റപത്രം സ്വീകരിച്ച വിചാരണക്കോടതി നടപടി ഛത്തീസ്ഗഢ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുശേഷവും പ്രതിയെ ജയിലിൽ അടച്ചിടാനുള്ള ഇ.ഡിയുടെ നീക്കത്തെയാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചത്. ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ഉത്തരവ് ഇ.ഡി മറച്ചുവച്ചു. ഇത് ഞെട്ടിക്കുന്നതാണ്. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തേണ്ട വിഷയമാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ദുരുപയോഗം
ചെയ്യുകയാണോ
സ്ത്രീധന പീഡന നിയമം പോലെ ഇതും ദുരുപയോഗം ചെയ്യുകയാണോ? പ്രതിയെ ജയിലിൽ എക്കാലവും അടച്ചിടണമെന്നതല്ല കള്ളപ്പണം തടയൽ നിയമത്തിന്റെ ആശയം. ഇ.ഡി എന്തു സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. മുൻ എക്സൈസ് ഓഫീസറുടെ ജാമ്യാപേക്ഷയെ ഇ.ഡിക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ശക്തമായി എതിർത്തപ്പോഴാണ് കോടതിയുടെ വിമർശനം. പ്രോസിക്യൂഷൻ അനുമതിയില്ലെന്ന കാരണത്താലാണ്, കുറ്റപത്രം സ്വീകരിച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയതെന്ന് ഇ.ഡി വാദിച്ചു. സാങ്കേതികതയുടെ പേരിൽ ജാമ്യം നൽകരുതെന്നും കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടു. സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |