നെടുമ്പാശേരി: പാലപ്രശേരി തേറാട്ടുക്കുന്നിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിറ്റതിന് പിടിയിലായ അന്യസംസ്ഥാനക്കാരുടെ പ്രധാന ഇടപാടുകാർ പ്രദേശത്തെ വിദ്യാർത്ഥികളും യുവാക്കളുമായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി.
പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെയാണ് ഒന്നേകാൽ കിലോഗ്രാമോളം കഞ്ചാവുമായി ചെങ്ങമനാട് പൊലീസ് ഞായറാഴ്ച്ച രാത്രി പിടികൂടിയത്. മുർഷിദാബാദിൽ നിന്നും കൊണ്ടുവന്ന് ഇവിടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിലാണ് വില്പന നടത്തിയിരുന്നത്. പ്രതികളുടെ കൂടെ താമസിച്ചിരുന്നവർ തമ്മിൽ തർക്കമുണ്ടായതാണ് കഞ്ചാവ് കച്ചവടം പുറത്തുവരാൻ കാരണം.
പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങിയവരെക്കുറിച്ചും ഇവർക്ക് ഇവിടെ സഹായം നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻസ്‌പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ മാരായ കെ.എസ്. ഷാനവാസ്, ജിയോ, സീനിയർ സി.പി.ഒമാരായ കെ.ബി. ഫാബിൻ, ടി.എ. കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |