രക്ഷിക്കാൻ രണ്ടു മന്ത്രിമാരെ രന്യ വിളിച്ചെന്ന് ബി.ജെ.പി
ബംഗളൂരു: കോടികളുടെ സ്വർണക്കടത്തിന് അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെ ചൊല്ലി കർണാടകത്തിൽ കോൺഗ്രവും ബി.ജെ.പിയും പരസ്പരം വിഴുപ്പലക്കുന്നു.
രന്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ 12 ഏക്കർ അനുവദിച്ചത് അനധികൃതമായെന്ന് കോൺഗ്രസ് ഒരോപിച്ചു. അതേസമയം, സ്വർണക്കടത്തിന് പിടയിലായതിനു പിന്നാലെ രന്യ സംസ്ഥാനത്തെ രണ്ടു കോൺഗ്രസ് മന്ത്രിമാരുടെ സഹായം തേടിയെന്നാണ് ബി.ജെ.പി ആക്ഷേപം.
തുമകുരുവിലെ വ്യവസായ മേഖലയിലാണ് രന്യ റാവുവിന് പങ്കാളിത്തമുള്ള കമ്പനിക്ക് ബൊമ്മെ സർക്കാർ 12 ഏക്കർ അനുവദിച്ചത്. കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോഡിന്റേതാണ് (കെ.ഐ.എ.ഡി.ബി) കോടികൾ വിലയുള്ള ഭൂമി.
അതേസമയം, കടത്ത് സ്വർണവുമായി പിടിയിലായ ഉടൻ രന്യ രണ്ട് മന്ത്രിമാരെ മാറിമാറി വിളിച്ചെന്ന് ആരോപിച്ചത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വിജയേന്ദ്രയാണ്. ഈ മന്ത്രിമാർ ആരൊക്കെയെന്നും രന്യയുമായി ഇവർക്കുള്ള ബന്ധവും മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തുവിടണം. സർക്കാരിലെ പ്രമുഖരുടെ സഹായം കണ്ടാണ് കോടികളുടെ സ്വർണം പലതവണ വിമാനത്താവളത്തിന് പുറത്തെത്തിക്കാനായത്. സർക്കാർ എത്ര ഒളിപ്പിച്ചാലും സി.ബി.ഐ അന്വേഷണത്തിൽ എല്ലാം പുറത്തുവരുമെന്നും വിജയേന്ദ്ര പറഞ്ഞു.
ദുബായിൽ നിന്ന് 14.2 കിലോ സ്വർണം കടത്തുന്നതിനിടെയാണ് കർണാടക ഡി.ജി.പി കെ.രാമചന്ദ്രറാവുവിന്റെ വളർത്തുമകൾ കൂടിയായ രന്യയെ ഡി.ആർ.ഐ കഴിഞ്ഞയാഴ്ച പിടികൂടിയത്. നടിയുടെ വീട്ടിലെ പരിശോധനയിൽ രണ്ടുകോടിയോളം രൂപയും സ്വർണാഭാരണങ്ങളും കണ്ടെടുത്തിരുന്നു. ഡി.ആർ.ഐ കസ്റ്റഡിയിലായിരുന്ന രന്യയെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
സ്റ്റീൽ പ്ളാന്റിന് ഭൂമി; പക്ഷേ
സ്ഥാപനം വന്നില്ല
രന്യ പങ്കാളിയായ സിരോദ ഇന്ത്യ എന്ന കമ്പനിക്ക് 2023 ജനുവരിയിലാണ് 12 ഏക്കർ അനുവദിച്ചിരുന്നെന്ന് ഡെവലപ്‌മെന്റ് ബോഡ് സി.ഇ.ഒ മഹേഷ് സ്ഥിരീകരിച്ചു. 138 കോടി രൂപ മുതൽമുടക്കിൽ 300 പേർക്ക് തൊഴിൽ നൽകുന്ന സ്റ്റീൽ പ്ളാന്റ് സ്ഥാപിക്കുമെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. രന്യയും സഹോദരനുമാണ് കമ്പനിയുടെ ഡയറക്ടർമാർ. 2023 ജനുവരി രണ്ടാം തീയതി ചേർന്ന ഏകജാലക ക്ലിയറൻസ് കമ്മിറ്റി യോഗത്തിലാണ് കമ്പനിക്ക് ഭൂമി അനുവദിച്ചത്. എന്നാൽ ഇതുവരെയും ഒരു നിർമ്മാണ പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
മന്ത്രിമാർക്ക് രന്യയുമായി ബന്ധമുണ്ടെങ്കിൽ അതും സി.ബി.ഐ അന്വേഷിച്ച് തെളിയിക്കട്ടെ. സർക്കാരിന് ഒളിക്കാൻ ഒന്നുമില്ല
- ജി. പരമേശ്വര, കർണാടക
ആഭ്യന്തര മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |