നിലമ്പൂര്‍: സിപിഎമ്മുമായി പിണങ്ങിയ പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് തീയതി എപ്പോള്‍ പ്രഖ്യാപിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് ചെയ്യാനുള്ള ജോലികളെല്ലാം പൂര്‍ത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
ഒരു നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അങ്ങനെ നോക്കുമ്പോള്‍ ജൂലായ് 13ന് മുമ്പ് നിലമ്പൂരിലെ ഒഴിവ് നികത്തണം. അത് കഴിഞ്ഞാല്‍ മാസങ്ങള്‍ക്കകം നിയമസഭയിലേക്ക് പൊതുതിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ 2021ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ചവറ, കുട്ടനാട് തിരഞ്ഞെടുപ്പുകള്‍ നടത്താതെ ഒഴിച്ചിട്ടത് പോലെയുള്ള ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്നും കാത്തിരുന്ന് കാണണം.
2020ലാണ് ചവറ എംഎല്‍എ വിജയന്‍ പിള്ളയും കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയും അന്തരിച്ചത്. തൊട്ട് പിന്നാലെ കൊവിഡ് വ്യാപനവും ലോക്ഡൗണും എത്തി. ഈ സാഹചര്യത്തില്‍ അന്ന് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ സാഹചര്യം അറിയാനുള്ള അവസാന അവസരം എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് തീരുമാനമെടുക്കും എന്നതും നിര്‍ണായകമാകും.
തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യുഡിഎഫ് വിജയ സാദ്ധ്യത പരിഗണിച്ച് വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായം രാജിവച്ചതിന് പിന്നാലെ പി.വി അന്‍വര്‍ പരസ്യമായി പറഞ്ഞിരുന്നു. താന്‍ 2016ല്‍ തോല്‍പ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയായിരുന്നു അന്‍വറിന്റേത്. എന്നാല്‍ ഈ പ്രസ്താവന കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യമസമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.
ആര്യാടന് പകരം വിഎസ് ജോയി ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ഷൗക്കത്തിനെ ഇടത് സ്വതന്ത്രനാക്കി മത്സരിപ്പിക്കാന്‍ സിപിഎം ആലോചിച്ചേക്കും. എന്നാല്‍ അന്‍വറിന്റെ കാര്യത്തില്‍ ഇടത് സ്വനതന്ത്രനെ ഇറക്കിയുള്ള പരീക്ഷണം പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായി മാറിയ സാഹചര്യവും സിപിഎമ്മിന് മുന്നിലുണ്ട്. അങ്ങനെയാണെങ്കില്‍ നിലമ്പൂരുകാരനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം സ്വരാജിന് നറുക്ക് വീഴും. 2016ല്‍ തൃപ്പുണ്ണിത്തുറയില്‍ നിന്ന് വിജയിച്ച സ്വരാജ് 2021ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് കെ ബാബുവിനോട് പരാജയപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |