കറാച്ചി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി വാശിപിടിച്ച് വാങ്ങിയ ചാമ്പ്യന്‍സ് ട്രോഫി വേദി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍. 58 മില്യണ്‍ ഡോളര്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായും 40 മില്യണ്‍ ഡോളറോളം ടൂര്‍ണമെന്റ് സംഘാടനത്തിനായും പിസിബിക്ക് ചെലവഴിക്കേണ്ടി വന്നെന്നാണ് കണക്കുകള്‍. എന്നാല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയുമൊക്കെയായി ആകെ ആറ് മില്യണ്‍ ഡോളര്‍ മാത്രമാണത്രേ പി.സി.ബിക്ക് തിരിച്ചുകിട്ടിയത്. 85 മില്യണ്‍ ഡോളറോളം നഷ്ടം വന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കളിക്കളത്തിലും പാകിസ്ഥാന്‍ നാണം കെട്ടിരുന്നു. പാക് ടീമിന് ഒറ്റ മത്സരം മാത്രമാണ് നാട്ടില്‍ കളിക്കാനായത്. ന്യൂസിലാന്‍ഡുമായുള്ള ആ മത്സരം തോല്‍ക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള മത്സരം ദുബായ്യിലെത്തിയാണ് തോറ്റത്. നാട്ടില്‍ നടക്കേണ്ട മൂന്നാംമത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു.ടൂര്‍ണ്ണമെന്റ് നടത്തി നഷ്ടം വന്നതിന്റെ പ്രത്യാഘാതം ഇനി പാക് താരങ്ങളും നേരിടേണ്ടി വരും. പാക് താരങ്ങളുടെ മാച്ച് ഫീയും മറ്റു ആനുകൂല്യങ്ങളും ബോര്‍ഡ് ഇതിനകം കടുംവെട്ട് വെട്ടിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താരങ്ങള്‍ക്കുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസ സൗകര്യം ഇനിമുതല്‍ ലഭ്യമാകില്ലെന്നും ഇതില്‍ പറയുന്നു. ടി20 ചാമ്പ്യന്‍ഷിപ്പിനുള്ള മാച്ച് ഫീസ് 90 ശതമാനം കുറയ്ക്കാനും റിസര്‍വ് കളിക്കാരുടെ പേയ്മെന്റുകള്‍ 87.5 ശതമാനം കുറയ്ക്കാനും പാക് ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫി നടത്താനായി സ്റ്റേഡിയങ്ങള്‍ പുതുക്കി പണിഞ്ഞെങ്കിലും പാകിസ്ഥാന്റെ മത്സരം കാണാന്‍ പോലും ഹൗസ് ഫുള്‍ ആയില്ല. ടീമിന്റെ മോശം പ്രകടനം തന്നെയാണ് ഇതിന് കാരണം.
ഇതിന് പുറമേ മഴ കാരണം ചില സൂപ്പര്‍ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ ഉപേക്ഷിച്ചതും തിരിച്ചടിയായി. ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഹൈബ്രിഡ് മോഡലില്‍ നടത്തിയ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയതും തിരിച്ചടിയായി. പാകിസ്ഥാനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്. ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യ പാക് മണ്ണില്‍ എത്തുമെന്നും കോടികള്‍ കൊയ്യാമെന്നും പിസിബി നേരത്തെ കണക്കുകൂട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |