അബുദാബി: ദുബായ്, അബുദാബി തുടങ്ങി യുഎഇയിലെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് അതികഠിനമായതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽ മഞ്ഞ് വർദ്ധിക്കുമെന്നും അറിയിപ്പുണ്ട്.
മൂടൽ മഞ്ഞ് കനത്ത സാഹചര്യത്തിൽ വാഹന യാത്രികർ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഇലക്‌ട്രോണിക് ഇൻഫർമേഷൻബോർഡുകളിൽ കാണിക്കുന്ന വേഗപരിധിക്ക് അനുസൃതമായി തന്നെ വാഹനമോടിക്കണമെന്നും പൊലീസ് അറിയിച്ചു. അൽ ഐൻ- അബുദാബി റോഡ്, ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി- ദുബായ് ഹൈവേ, അൽ ഖാതിം, അർജാൻ, അൽ തവീല എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. അൽ ഐനിലെ ശൈഹാൻ, ജബേൽ അലി, അൽ മിനാദ്, ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ കാഴ്ച വ്യക്തത വളരെ കുറവാണെന്ന് മുന്നറിയിപ്പുണ്ട്.
മൂടൽ മഞ്ഞിനൊപ്പം മേഘാവൃതമായ അന്തരീക്ഷവുമാണ് യുഎഇയിൽ നിലനിൽക്കുന്നത്. മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനും ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നാളെരാവിലെ വരെ ഈർപ്പമേറിയ കാലാവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും അധികൃതർ അറിയിക്കുന്നു. ഒമാൻ കടലിലും അറേബ്യൻ ഗൾഫ് സമുദ്രത്തിലും ഇടത്തരം തിരമാലകളായിരിക്കും ഉണ്ടായിരിക്കുക. അതേസമയം, കടൽ പ്രക്ഷുബ്ധമാകാനുള്ള സാദ്ധ്യത കുറവാണെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |