തൊടുപുഴ: പൂരപ്പറമ്പിന് സമാനമായിരുന്നു ഇന്നലെ തൊടുപുഴ അൽ- അസ്ഹർ ക്യാമ്പസ്. ഏക്കറുക്കണക്കിന് പരന്നു കിടക്കുന്ന കലാലയത്തിൽ ഒന്നും രണ്ടുമല്ല, ഒമ്പത് വേദികളാണുള്ളത്. പണ്ടുകാലത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്ത് താത്കാലികമായി ഉയരുന്ന നാടക സ്റ്റേജുകൾക്ക് സമാനമായ രണ്ടാം വേദി. വൈകിട്ട് മഴ പെയ്തപ്പോൾ വെള്ളം പൊങ്ങി മത്സരം മുടങ്ങിയെങ്കിലും എൻജിനിയറിംഗ് കോളേജ് മൈതാനത്തൊരുക്കിയ വേദിയിൽ ഭരതനാട്യം പകൽ മുഴുവൻ നിറഞ്ഞാടി. കലോത്സവ നഗരിയിലെങ്ങും തണൽ മരങ്ങളുടെ ചുറ്റിനും വട്ടമിട്ടിരുന്ന് കഥ പറയുന്ന യുവതീ യുവാക്കളുടെ മനോഹര കാഴ്ചയാണ്. മൊട്ടക്കുന്നിലെ പച്ചതുരുത്തുകളിലിരുന്ന് സെൽഫികൂട്ടങ്ങൾ ചിരിക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും അവർ കലയുടെ വസന്തം കൊഴുപ്പിക്കാൻ കളത്തിലിറങ്ങിയിരിക്കുകയാണ്. പുതിയ ട്രെൻഡി വസ്ത്രങ്ങളണിഞ്ഞ് സുന്ദരന്മാരും സുന്ദരികളും വേദികളിൽ നിന്ന് വേദികളിലേക്ക് ഒഴുകുകയാണ്.
ചുട്ടുപൊള്ളുന്നു മച്ചാനേ...
35 ഡിഗ്രിയിൽ സൂര്യൻ കത്തി നിന്നതോടെ കലോത്സവ വേദി ചുട്ടുപൊള്ളി. രാവിലെ 10 മുതൽ തന്നെ വെയിൽ ശക്തമായിരുന്നു. ഉച്ചയോടെ വെയിലേറ്റ് പലരും തളർന്നു. തണൽ മരങ്ങൾക്ക് ചുറ്റും പലരും നേരത്തെ ഇടംപിടിച്ചിരുന്നു. പത്രക്കടലാസും ബാഗും തലയിൽ വച്ചായിരുന്നു മിക്കവരുടെയും യാത്ര. മത്സരാർത്ഥികൾ ഗ്രീൻ റൂമുകളിൽ നിന്നും മേക്കപ്പിട്ട് മത്സര വേഷവും ധരിച്ച് പുറത്തിറങ്ങി കുടയും ചൂടിയാണ് വേദികളിലേക്ക് പോയത്. കാണികളായെത്തിയ രക്ഷിതാക്കൾ ഉൾപ്പെടെ മുതിർന്നവരിൽ പലരും കുപ്പിവെള്ളവും കൈയിൽ കരുതിയാണ് വന്നത്.ശീതളപാനീയ കടകൾ കൂണുകൾ പോലെ മൊട്ടിട്ടതായിരുന്നു ഏക ആശ്വാസം. തണ്ണിമത്തനും പൈനാപ്പിളും ഫ്രഷും ലൈമും താരങ്ങളായി.ചുട്ടുപൊള്ളിയതിന് ആശ്വാസമേകി വൈകിട്ട് ഒരു മണിക്കൂറിലേറെ തകർപ്പൻ മഴ പെയ്തത് കലോത്സവ നഗരിക്ക് ആശ്വാസമേകി.
ലൊക്കേഷനിൽ
നിന്നും പാഞ്ഞെത്തി
അനന്തലക്ഷ്മി
കഥാപാത്രത്തിൽ നിന്നിറങ്ങി അനന്തലക്ഷ്മി പാഞ്ഞത് 'ദസ്തക്കി'ലേക്ക്! ഭരതനാട്യത്തിൽ നിറഞ്ഞാടി. കണ്ണും കാതുംകൂർപ്പിച്ച സദസിൽ ചില കുശുകുശുപ്പ് 'ഇത് സിനിമാ നടിയല്ലേ?' നടനവേദിയിൽ നിന്നും കോട്ടയം സി.എം.എസ് കോളേജിലെ അനന്തലക്ഷ്മി ഇറങ്ങിവന്നപ്പോൾ സംശയം തീർന്നു, പിന്നെ സെൽഫിയെടുപ്പിന്റെ മത്സരം. ഒന്നാം വർഷ പി.ജി.ഇക്കണോമിക്സ് വിദ്യാർത്ഥിനിയായ അനന്തലക്ഷ്മിയ്ക്ക് കഴിഞ്ഞ വർഷം ഭരതനാട്യത്തിനും കേരള നടനത്തിനും ഒന്നാം സമ്മാനം ലഭിച്ചിരുന്നു.
ഇക്കുറി ഭരതനാട്യത്തിന് പുറമെ വെള്ളിയാഴ്ച കുച്ചുപ്പുടിയിലും മത്സരിക്കുന്നുണ്ട്. നൃത്തത്തിലൂടെ മിന്നിയപ്പോൾ സിനിമയിലേക്കും ക്ഷണം ലഭിച്ചു. എം.എ.നിഷാദ് സംവിധാനം ചെയ്ത 'ഒരു അന്വേഷണത്തിന്റെ തുടക്കം' ആയിരുന്നു കന്നിച്ചിത്രം. ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്ത 'മേനേ പ്യാർ കിയ'യിലും നല്ലൊരു കഥാപാത്രമായി അനന്തലക്ഷ്മി തിളങ്ങി.
ഇപ്പോൾ അസ്കർ അലി നായകനാകുന്ന ഫൈസൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചങ്ങനാശേരിയിൽ മൂന്ന് ദിവസമായി അനന്തലക്ഷ്മി ഷൂട്ടിലായിരുന്നു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാനായി സംവിധായകൻ അവധി നൽകി.റിട്ട.വൈദ്യുതിബോർഡ് ജീവനക്കാരനായ തട്ടാശേരി ഉമ്പക്കാട് വീട്ടിൽ എം.കെ.രാധാകൃഷ്ണന്റെയും ലളിതാംബികയുടെയും മകളാണ് അനന്തലക്ഷ്മി.
കുഞ്ഞപ്പൻ ആശാനില്ലാതെ
എന്ത് പരിചമുട്ട്
പരിചമുട്ട് കളിയിൽ കുഞ്ഞപ്പൻ ആശാനെ വെല്ലാൻ ആരുമില്ലെന്ന് ഇത്തവണത്തെ കലോത്സവവും തെളിയിച്ചു. കോട്ടയം മണർകാട് കൊല്ലപ്പറമ്പിൽ കുഞ്ഞപ്പൻ ആശാൻ (60) പരിശീലിപ്പിച്ച ആലുവ യു.സി കോളേജിലെ കുട്ടികൾക്ക് തന്നെയാണ് തുടർച്ചയായി രണ്ടാം വട്ടവും എം.ജി. കലോത്സവത്തിൽ പരിചമുട്ട് കളിയിൽ ഒന്നാം സ്ഥാനം.
40 വർഷമായി പരിശീലകനായ കുഞ്ഞപ്പൻ ആശാൻ 1983ലെ സംസ്ഥാന സ്കൂൾ കലോത്സവം മുതൽ സജീവമാണ്. ഇതിനകം ആയിരക്കണക്കിന് കുട്ടികളെ പരിചമുട്ട് പരിശീലിപ്പിച്ചിട്ടുണ്ട്. ഈ കലോത്സവത്തിൽ തന്നെ കുഞ്ഞപ്പൻ പരിശീലിപ്പിച്ച മൂന്നു കോളേജുകൾ പരിചമുട്ട് കളി മത്സരത്തിനുണ്ടായിരുന്നു. പരിചമുട്ട് പാരമ്പ്യരമുള്ള കുടുംബത്തിൽ ജനിച്ച കുഞ്ഞപ്പന്റെ ഗുരു പിതാവ് ഇട്ടിവര ഇട്ടിവരയാണ്.
പതിവുള്ളൊരാളില്ല...
ഉള്ളുലഞ്ഞ് ശ്രീലക്ഷ്മി
വേദിയിലേക്ക് കയറുംമുമ്പെ ശ്രീലക്ഷ്മി സദസിലേക്ക് കണ്ണോടിച്ചു, പതിവുള്ളൊരാൾ വരില്ലെന്നറിയാമായിരുന്നിട്ടും വെറുതേയൊരു മോഹം. പിന്നെ കണ്ണടച്ച് പ്രാർത്ഥിച്ചു. മനക്കണ്ണിൽ അച്ഛന്റെ കാൽതൊട്ടുവന്ദിച്ചിട്ടാണവൾ ചിലങ്കകെട്ടി ഭരതനാട്യ വേദിയിലേക്ക് കടന്നത്. ഉള്ളിലെ സങ്കടം മറന്ന് നിറഞ്ഞാടി. തിരശീലവീണതും അവളുടെ സങ്കടങ്ങളൊക്കെ കണ്ണീർക്കണങ്ങളായി. കൂട്ടുകാരികൾ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. എറണാകുളം വൈപ്പിൻ എസ്.എൻ.ജി.ഐ.എസ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിനി ഇത്രകാലവും കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നത് അച്ഛൻ പി.എ.ശശിയുടെ കൈപിടിച്ചുകൊണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് പെയിന്റിംഗ് തൊഴിലാളിയായ ശശി മരിച്ചത്.
ഇല്ലായ്മകളുടെ ചെറിയ കൂരയിലും ഒത്തിരി സന്തോഷങ്ങളുമായിട്ടാണ് ശശിയും കുടുംബവും കഴിഞ്ഞിരുന്നത്.അപ്രതീക്ഷിതമായി നാഥൻ കടന്നുപോയതിന്റെ സങ്കടം കുടുംബത്തിലിപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. അതിനിടയിലാണ് കലോത്സവമെത്തിയത്.
മൂന്ന് വയസുമുതൽ നൃത്തം പഠിക്കുന്ന ശ്രീലക്ഷ്മി ശശി സ്കൂൾ കലോത്സവങ്ങളിൽ നിറസാന്നിദ്ധ്യമാണ്. അമ്മ ദീപ നൃത്തം പഠിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ജീവിതപോരാട്ടത്തിനിടയിൽ ചിലങ്കയഴിച്ചുവച്ചു. മകളിലൂടെ തന്റെ സ്വപ്നം പൂവണിയുന്ന സന്തോഷങ്ങൾക്കിടയിൽ ശശിയുടെ വിയോഗം ദീപയെയും പിടിച്ചുലച്ചു. രാജു, സുലോചന എന്നീ നൃത്താദ്ധ്യാപകർ ഫീസ് വാങ്ങാതെ നൃത്തം പഠിപ്പിക്കാൻ തയ്യാറായതാണ് ശ്രീലക്ഷ്മിയ്ക്ക് ആശ്വാസമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |