തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപഭോഗം കാലേകൂട്ടി കണ്ടെത്തി അവരെ പിന്തിരിപ്പിക്കുന്ന പദ്ധതി അടുത്ത അദ്ധ്യയന വർഷം ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പാണ് പദ്ധതി നടപ്പിലാക്കുക. വായ, മുഖം എന്നിവ പരിശോധിച്ചാൽ ലഹരി ഉപഭോഗം കണ്ടെത്താനാകും.
കൗമാരക്കാരിലെ ലഹരി ഉപഭോഗം കണ്ടെത്താൻ ഡെന്റൽ ഡോക്ടർമാരുടെ സംഘടനകളുമായി ചേർന്ന് മുക്തി എന്ന പേരിൽ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. 2016ൽ ഹയർ സെക്കൻഡറി അധികൃതർ ആരംഭിച്ച പദ്ധതി ഒരു വർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിച്ച കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 'മുക്തി'ക്കു പകരമായിട്ടാണ് പുതിയ പദ്ധതി വരുന്നത്. ഇതു സംബന്ധിച്ച ബോധവത്കരണ പരിപാടികൾ വദനാരോഗ്യദിനമായ ഇന്ന് ആരംഭിക്കും. 'സന്തോഷമുള്ള വായ് സന്തോഷമുള്ള മനസ്' എന്നതാണ് ഈ വർഷത്തെ തീം.
സ്കൂളുകളിൽ ദന്തൽക്യാമ്പ് സംഘടിപ്പിച്ചാണ് കുട്ടികളിലെ ലഹരി ഉപഭോഗം കണ്ടെത്തുന്നത്.
പാൻമസാല ഉപയോഗിക്കുന്നവരുടെ പല്ലുകളിൽ കറപിടിക്കും. ഇത് ചവച്ചരച്ച് വയ്ക്കുന്ന ഭാഗത്ത് പൊള്ളലോ വെളള നിറത്തിലുള്ള പാടയോ ഉണ്ടാകും.എം.ഡി.എം.എ ഉപയോഗിക്കുന്നവർ ദീർഘനേരം വായ് കടിച്ചമർത്തി വയ്ക്കുന്ന പ്രവണത കാണിക്കും. ഇത് പല്ലുകൾ പൊടിയുന്നതിന് ഇടയാക്കും. പല്ലുകളിൽ കാണുന്ന പ്രായത്തിൽ കവിഞ്ഞ തേയ്മാനം, പല്ലുകൾ കാരണമില്ലാതെ പൊടിയുക എന്നീ ലക്ഷണങ്ങൾ എം.ഡി.എം.എ ഉപയോഗിക്കുന്നതിന്റെ സൂചനയാണ്. പാർട്ടികളിൽ ലഹരി ഉപയോഗിക്കുന്നതോടൊപ്പം സ്പോർട്സ് ഡ്രിങ്ക്സ അമിതമായി കുടിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.
''ലഹരിക്കടിമപ്പെടുന്നവർക്ക് ആരോഗ്യ അച്ചടക്കം പാലിക്കാൻ കഴിയില്ല. ഇത് വായുടെ ആരോഗ്യപരിപാലനത്തിലും പ്രതിഫലിക്കും. ശരിയായ ബ്രഷിംഗിന്റെ കുറവ് പല്ലുകളിൽ പോടുകൾ വരുത്തും. മോണരോഗവും ഉണ്ടാക്കും.
ഡോ.സി.വേണുഗോപാൽ,
പ്രസിഡന്റ്
കേരള ഗവ. ഡെന്റൽ അസോസിയേഷൻ ഫോറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |