നിയമഭേദഗതിക്ക് കേന്ദ്രം
ന്യൂഡൽഹി/തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുത്ത് അഞ്ചു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ നൽകുന്ന സുപ്രധാന വ്യവസ്ഥയടങ്ങിയ നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ. ദേശീയപാത നിർമ്മാണത്തിന്റെ വേഗം കൂട്ടാനും ഭൂമിയേറ്റെടുക്കലിലെ നിയമക്കുരുക്കുകൾ ഒഴിവാക്കാനുമാണിത്.
ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയാകും (ഡീനോട്ടിഫൈ) ഉടമകൾക്ക് ഭൂമി തിരികെ നൽകുക. നഷ്ടപരിഹാരം നിശ്ചയിച്ചു കഴിഞ്ഞാൽ ഉടമകൾക്ക് എതിർപ്പുണ്ടെങ്കിൽ മൂന്നുമാസത്തിനകം അറിയിക്കണം. അല്ലെങ്കിൽ അംഗീകരിക്കില്ലെന്ന വ്യവസ്ഥയുമുണ്ടാകും.
നിയമഭേദഗതി ശുപാർശ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്ര ക്യാബിനറ്റിന് സമർപ്പിച്ചു. സിവിൽ ഏവിയേഷൻ, റെയിൽവേ, പ്രതിരോധം, ഷിപ്പിംഗ്, കൽക്കരി, പരിസ്ഥിതി, നിയമകാര്യം, റവന്യു വകുപ്പുകൾ പരിശോധിച്ച ശേഷമാണിത്. ക്യാബിനറ്റ് അംഗീകരിച്ചശേഷം ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ ആ ഭൂമിയിൽ നിർമ്മാണമടക്കം വിലക്കും. ഉയർന്ന നഷ്‌ടപരിഹാരം ലഭിക്കാൻ വിജ്ഞാപനത്തിന് ശേഷവും പലയിടങ്ങളിലും കെട്ടിടം നിർമ്മിക്കുന്നതും വ്യാപാരസ്ഥാപനങ്ങൾ തുടങ്ങുന്നതും കണ്ടെത്തിയതിനെ തുടർന്നാണിത്.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നോട്ടീസ്, വിജ്ഞാപനം ഉൾപ്പെടെ പ്രസിദ്ധീകരിക്കാൻ പ്രത്യേക ഓൺലൈൻ പോർട്ടൽ രൂപീകരിക്കും. ഭൂവുടമകൾക്ക് ഉൾപ്പെടെ പ്രയോജനകരമാകും. സുതാര്യത ഉറപ്പാക്കാനാണിത്.
മൂന്ന് മാസത്തിനകം
എതിർപ്പ് അറിയിക്കണം
1.ഭൂമിയുടെ മാർക്കറ്റ് മൂല്യം കണക്കാക്കി ആർബിട്രേഷൻ വഴിയാകും നഷ്‌ടപരിഹാരത്തുക നിശ്ചയിക്കുക. കോടതി കേസുകൾ നീണ്ടുപോകുന്നത് ഒഴിവാക്കാനാണിത്
2.തുക നിശ്ചയിച്ചു കഴിഞ്ഞാൽ എതിർപ്പുണ്ടെങ്കിൽ മൂന്നു മാസത്തിനകം അറിയിക്കണം. അതിനുശേഷം എതിർപ്പറിയിക്കാൻ ഉടമയ്‌ക്കും ദേശീയപാതാ അതോറിട്ടിക്കും സാധിക്കില്ല
തൃപ്പൂണിത്തുറയിൽ
ഏറ്റെടുത്തിട്ട് 34 കൊല്ലം
മധുര-കൊച്ചി ദേശീയപാതയുടെ ഭാഗമായ തൃപ്പൂണിത്തുറ ബൈപ്പാസിനായി ((8കി.മി) 16.6 ഹെക്ടർ ഭൂമി വിജ്ഞാപനം ചെയ്തതിൽ 4.43ഹെക്ടർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകി. ശേഷിച്ച 12.17ഹെക്ടർ സർവേക്കല്ലിട്ട് മരവിപ്പിച്ചു. ഇതുകാരണം ഇവയുടെ ഉടമകളായ 217കുടുംബങ്ങൾ 34 വർഷമായി ദുരിതത്തിലാണ്. വീടുവയ്ക്കാനോ വായ്പയെടുക്കാനോ ഭൂമികൈമാറ്റം ചെയ്യാനോ കഴിയുന്നില്ല. വീടുകളുടെ അറ്റകുറ്റപ്പണിയും നടത്താനാവുന്നില്ല. ഭൂമി ആവശ്യമില്ലെങ്കിൽ ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണമെന്ന് ഇത് ചൂണ്ടിക്കാട്ടി കേരളം കേന്ദ്രത്തോട് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഭൂമിയേറ്റെടുത്ത മറ്റ് ദേശീയപാത വികസനമെല്ലാം സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
100 കോടി
ഒരു കി.മി ദേശീയപാത
നിർമ്മാണത്തിന്
കേരളത്തിൽ ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |