ഓഹരി, സ്വർണ വിലക്കുതിപ്പ് തുടരുന്നു
കൊച്ചി: നടപ്പുവർഷം രണ്ട് പ്രാവശ്യം പലിശ കുറയുമെന്ന് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സൂചന നൽകിയതോടെ ആഗോള വിപണികൾ വീണ്ടും മുന്നേറ്റ പാതയിലെത്തി. യു.എസ്, എഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രധാന സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും വൻ കുതിപ്പ് നടത്തി. സ്വർണ വിലയും പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തിയതോടെ ഡോളറിനെതിരെ രൂപയും ശക്തിയാർജിച്ചു.
സെൻസെക്സ് 899.1 പോയിന്റ് നേട്ടവുമായി 76,348.06ൽ അവസാനിച്ചു. നിഫ്‌റ്റി 283.05 പോയിന്റ് ഉയർന്ന് 23,190.65ൽ വ്യാപാരം പൂർത്തിയാക്കി. ചെറുകിട, ഇടത്തരം ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. തുടർച്ചയായ നാലാം ദിവസമാണ് ഓഹരികൾ മുന്നേറുന്നത്. ടി.സി.എസ്, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, ഭാരതി എയർടെൽ, ടൈറ്റൻ, ബജാജ് ഓട്ടോ, ബി.പി.സി.എൽ എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
സെൻസെക്സ് 899 പോയിന്റ് ഉയർന്നു
സ്വർണം പവന് 160 രൂപ കൂടി
ഡോളറിനെതിരെ രൂപയ്ക്ക് ഒരു പൈസയുടെ നേട്ടം
പ്രതീക്ഷയോടെ ഐ.ടി കമ്പനികൾ
കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്ന അമേരിക്കൻ വിപണിക്ക് പലിശ നിരക്കിലെ കുറവ് ഊർജം പകരുമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് ആവേശം നൽകുന്നത്. അമേരിക്കയിലെ സാമ്പത്തിക തളർച്ച ശക്തമായതോടെ ഇന്ത്യൻ കമ്പനികളുടെ കരാർ ജോലി കുറഞ്ഞിരുന്നു. പലിശ കുറയുന്നതോടെ ആഗോള കമ്പനികളിൽ നിന്നും കൂടുതൽ പ്രോജക്‌ടുകൾ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
റെക്കാഡ് പുതുക്കി സ്വർണം കുതിക്കുന്നു
അമേരിക്കയിൽ പലിശ കുറയുമെന്ന വാർത്തകൾ സ്വർണ വിപണിക്ക് ആവേശം പകർന്നു. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 3,050 ഡോളർ കടന്നു. ഇതോടെ കേരളത്തിൽ സ്വർണ വില പവന് 160 രൂപ വർദ്ധിച്ച് 66,480 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 20 രൂപ ഉയർന്ന് 8,310 രൂപയിലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില റെക്കാഡ് പുതുക്കി മുന്നേറുന്നത്.
രൂപയും മുന്നേറ്റപാതയിൽ
നാലാം ദിവസവും ഡോളറിനെതിരെ രൂപ കരുത്ത് നേടി. ഓഹരി വിപണിയിലെ കുതിപ്പും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും രൂപയ്ക്ക് ശക്തി പകർന്നു. വ്യാപാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപ ഒരു പൈസയുടെ നേട്ടവുമായി 86.36ൽ അവസാനിച്ചു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും രൂപയ്ക്ക് നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |