ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിനെതിരെയുള്ള ഡി.എം.കെ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ സ്‌തംഭിച്ചു.
മുദ്രാവാക്യങ്ങൾ എഴുതിയ വെള്ള ടീ ഷർട്ടുകൾ ധരിച്ചാണ് ഡി.എം.കെ അംഗങ്ങളെത്തിയത്. ഇവർ പുറത്തിറങ്ങാതെ സഭ പ്രവർത്തിക്കില്ലെന്ന് ഇരു സഭാദ്ധ്യക്ഷന്മാരും നിലപാടെടുത്തു. 'ന്യായമായ മണ്ഡല പുനഃനിർണയം, തമിഴ്‌നാട് പോരാടും, തമിഴ്‌നാട് വിജയിക്കും" തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ടീ-ഷർട്ടുകൾ അനുവദിക്കാനാകില്ലെന്ന് രാജ്യസഭയിൽ അദ്ധ്യക്ഷൻ ജഗ‌്‌ദീപ് ധൻകറും ലോക്‌സഭയിൽ സ്‌പീക്കർ ഓം ബിർളയും നിലപെടെടുത്തു.
ചില അംഗങ്ങൾ സഭയുടെ അന്തസും പവിത്രതയും കാത്തുസൂക്ഷിക്കുന്നില്ല. മുദ്രാവാക്യമെഴുതിയ വസ്ത്രം ധരിക്കുന്നത് പാർലമെന്ററി മര്യാദയുടെ ലംഘനമാണ്. സഭയിൽ എങ്ങനെ പെരുമാറണമെന്ന് അറിയാൻ പാർലമെന്റിന്റെ ചട്ടം 349 വായിക്കണം- സ്പീക്കർ എം.പിമാരോട് ആവശ്യപ്പെട്ടു. അംഗങ്ങളോട് പുറത്തുപോകാനും ആവശ്യപ്പെട്ടു. അംഗങ്ങൾ വഴങ്ങാതിരുന്നതോടെ ആദ്യം 12 വരെ സഭ നിറുത്തിവച്ചു.
വീണ്ടും സഭ ചേർന്നപ്പോഴും സമാന രംഗങ്ങൾ ആവർത്തിച്ചപ്പോൾ ചെയറിൽ ഉണ്ടായിരുന്ന തെലുങ്കുദേശം പാർട്ടി കൃഷ്ണ പ്രസാദ് തെന്നേറ്റി, സഭാ നടപടികൾ ഉച്ചയ്ക്ക് 2 വരെ നിറുത്തിവച്ചു. വീണ്ടും സമ്മേളിച്ചപ്പോഴും ഡി.എം.കെ അംഗങ്ങൾ ടീ ഷർട്ട് ധരിച്ചെത്തിയതിനെ തുടർന്ന് ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാജ്യസഭ ആദ്യം രണ്ടുമണി വരെ നിറുത്തിവച്ചു. പിന്നീട് അദ്ധ്യക്ഷൻ ധൻകർ നേതാക്കളുമായി വിഷയം ചർച്ച ചെയ്‌തെങ്കിലും ഡി.എം.കെ പ്രതിഷേധം തുടർന്നതിനാൽ സഭ പിരിഞ്ഞു.
സമ്മർദ്ദം ശക്തം
മണ്ഡല പുനർനിർണയം, ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നിവ ആരോപിച്ച് ഡി.എം.കെ സമ്മേളനത്തിലുടനീളം കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ മണ്ഡല പുനർനിർണയ വിഷയം ചർച്ച ചെയ്യാൻ 22 ന് ചെന്നൈയിൽ യോഗം വിളിച്ചതിനിടെയാണ് പാർലമെന്റിലെ പ്രതിഷേധം. 2026ൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡല പുനർനിർണയ പ്രക്രിയയിൽ ജനസംഖ്യാടിസ്ഥാനത്തിൽ പാർലമെന്റ് നിയോജക മണ്ഡലങ്ങൾ പുനർനിർമ്മിക്കുമ്മോൾ തമിഴ്നാട്ടിൽ സീറ്റുകൾ കുറയുമെന്നതാണ് ഡി.എം.കെ ഉയർത്തുന്ന വിഷയം. ജനനനിരക്ക് വിജയകരമായി നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്ററി പ്രാതിനിദ്ധ്യം നഷ്ടപ്പെടുന്നതും ഉയർന്ന ജനസംഖ്യയുള്ള വടക്കൻ സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാകുന്നതും അനുവദിക്കാനാകില്ലെന്ന് ഡി.എം.കെ. വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |