ന്യൂഡൽഹി: രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമമില്ലെന്നും തമിഴ്നാട്ടിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ തമിഴിൽ മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾ നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദിക്ക് മറ്റൊരു ഇന്ത്യൻ ഭാഷയുമായും മത്സരമില്ല. ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടെയും സുഹൃത്താണ്. എല്ലാ ഇന്ത്യൻ ഭാഷകളും ശക്തിപ്പെടുന്നു. അഴിമതി മറച്ചുവയ്ക്കാൻ ഭാഷയുടെ പേരിൽ കടകൾ നടത്തുന്നവർക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നു. ഭാഷയുടെ പേരിൽ വിഷം പരത്തുന്നവർ, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്ഥലത്തെ ഭാഷകൾ ഇഷ്ടപ്പെടുമ്പോൾ ഇന്ത്യൻ ഭാഷയെ എതിർക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഭാഷകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി മോദി സർക്കാർ ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴിൽ നടപടിയെടുത്തിട്ടുണ്ട്. പൗരന്മാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.പിമാർ എന്നിവരുമായി അവരുടെ സ്വന്തം ഭാഷയിൽ ഞാൻ കത്തിടപാടുകൾ നടത്തും. തെക്കൻ ഭാഷകളെ എതിർക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ല. ഞാൻ ഗുജറാത്തിൽ നിന്നാണ്, നിർമ്മല സീതാരാമൻ തമിഴ്നാട്ടിൽ നിന്നാണ്.
മെഡിക്കൽ, എജിനിയറിംഗ് പഠന സാമഗ്രികൾ തമിഴിലേക്ക് വിവർത്തനം ചെയ്യാൻ തമിഴ്നാട് സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനുള്ള ധൈര്യമില്ലെന്ന് വ്യക്തം. തമിഴ്നാട്ടിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ, തമിഴിൽ മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾ നടത്തുമെന്നും അമിത് ഷാ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |