ചെന്നൈ: ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ്- മുംബയ് ഇന്ത്യൻസ് ഐ.പി,എൽ മത്സരം ഒരു പുത്തൻ താരോദയത്തിനാണ് സാക്ഷ്യം വഹിച്ചത്. സീസണിലെ ആദ്യമത്സരത്തിൽ ഇംപാക്ട് പ്ലേയറായി എത്തിയ പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ ചെന്നൈയുടെ മൂന്നു വിക്കറ്റുകൾ നേടിയാണ് താരമായത്. നാല് ഓവറിൽ 32 റൺസ് വഴങ്ങിയാണ് വിഘ്നേഷ് മൂന്നു വിക്കറ്റുകൾ നേടിയത്. ചെന്നൈ നായകൻ ഋതുരാദ് ഗെയ്‌ക്വാദ്, ശിവം ദുബെ, ദീപക് ഹുഡ എന്നിവരാണ് വിഘ്നേഷിന് മുന്നിൽ വീണത്. മത്സരത്തിൽ മുംബയ് തോറ്റെങ്കിലും വിഘ്നേഷിന്റെ പ്രകടനം മുൻ ഇന്ത്യൻ നായകൻ ധോണിയുടെ പ്രശംസ വരെ ഏറ്റുവാങ്ങി.
മുംബയ് ഇന്ത്യൻസിന്റെ ഡ്രംസിംഗ് റൂമിൽ സഹകളിക്കാർ വിഘ്നേഷിനെ അഭിനന്ദനങ്ങൾ കൊണ്ടുമൂടി. ടീം ഉടമ നിത അംബാനിയും വിഘ്നേഷിന് പ്രത്യേകമായി ആദരം നൽകി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. മുംബയ് കളിക്കാർക്കിടയിൽ നിന്ന് വിഘ്നേഷിനെ നിത അംബാനി പ്രത്യേകമായി വിളിച്ച് ആദരിക്കുകയായിരുന്നു. വിഘ്നേഷ് എവിടെ എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷം താരത്തിന്റെ ജഴ്സിയിൽ പ്രത്യേകമായ ഒരു പിൻ പതിപ്പിക്കുകയായിരുന്നു നിത ചെയ്തത്.
മത്സരത്തിലെ മുംബയുടെ ഏറ്റവും മികച്ച ബൗളർക്കുള്ള പുരസ്കാരം നൽകുകയാണെന്ന് പ്രഖ്യാപിച്ചാണ് പിൻ പതിപ്പിച്ചത്. തനിക്ക് കളിക്കാൻ അവസരം തന്നതിന് വിഘ്നേഷ് മുംബയ് ടീമിന് നന്ദി അറിയിച്ചു. മത്സരത്തിലുടനീളം സമ്മർദ്ദം തരാതെ കൂടെ നിന്ന സൂര്യകുമാർ യാദവിനും വിഘ്നേഷ് നന്ദി പറഞ്ഞു.
Local Kerala talent ➡️ MI debut in a big game ➡️ Wins the Dressing Room Best Bowler 🏅
— Mumbai Indians (@mipaltan) March 24, 2025
Ladies & gents, Vignesh Puthur! ✨#MumbaiIndians #PlayLikeMumbai #TATAIPL #CSKvMI pic.twitter.com/UsgyL2awwr
ഇടംകൈ റിസ്‌റ്റ് സ്‌പിന്നറാണ് വിഘ്‌നേഷ് പുത്തൂർ. പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനാണ് . ക്രിക്കറ്റുമായി വലിയ ബന്ധങ്ങളൊന്നും കുടുംബത്തിലാർക്കുമില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ബാലപാഠങ്ങൾ പഠിപ്പിച്ചത്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചെങ്കിലും സീനിയർ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി കളിച്ചു. പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപയ്‌ക്കാണ് വിഘ്‌നേഷിനെ മുംബയ് ടീമിലെത്തിച്ചത്. കെ.സി.എൽ മത്സരങ്ങൾ വീക്ഷിക്കാൻവന്ന മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ടിംഗ് കോച്ചാണ് ട്രയൽസിനെത്താൻ ആവശ്യപ്പെട്ടത്. അന്ന് ട്രയൽസിലെ ബൗളിംഗ് വളരെയേറെ ഇഷ്ടപ്പെട്ടതായി മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നെങ്കിലും ടീമിലെടുക്കുമെന്ന് കരുതിയില്ലെന്ന് വിഘ്‌നേഷ് കേരള കൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |