വിദേശ നിക്ഷേപകരുടെ പിന്തുണയിൽ കുതിപ്പ്
കൊച്ചി: ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങൽ താത്പര്യവുമായി സജീവമായതോടെ രാജ്യത്തെ ഓഹരി വിപണി തുടർച്ചയായ ആറാം ദിവസവും വൻ മുന്നേറ്റം നടത്തി. ബാങ്കിംഗ്, റിയൽ എസ്‌റ്റേറ്റ് മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബി.എസ്.ഇ സെൻസെക്സ് 1078.87 പോയിന്റ് ഉയർന്ന് 77984.38ൽ അവസാനിച്ചു. എൻ.എസ്.ഇ നിഫ്‌റ്റി 307.95 പോയിന്റ് നേട്ടവുമായി 23,658.35ൽ എത്തി. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും വ്യാവസായിക ഉത്പാദനത്തിലെ ഉണർവും പലിശ കുറയാനുള്ള സാദ്ധ്യതകളുമാണ് നിക്ഷേപകർക്ക് ആവേശം പകരുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളും വിപണിക്ക് കരുത്തായി.
ആറ് സെഷനുകളിലായി സെൻസെക്സ് സൂചികയിൽ അഞ്ച് ശതമാനത്തിലധികം വർദ്ധനയാണുണ്ടായത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച കുതിപ്പുണ്ടായി. ആഗോള മേഖലയിലെ അനുകൂല വാർത്തകളും ഇന്ത്യൻ കമ്പനികളുടെ ലാഭം മെച്ചപ്പെടുമെന്ന പ്രതീക്ഷയും ഗുണമായി. കോട്ടക് മഹീന്ദ്ര ബാങ്ക്, എൻ.ടി.പി.സി, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ടെക് മഹീന്ദ്ര, പവർ ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ.
1. വിദേശ നിക്ഷേപകർ ഇടവേളയ്ക്ക് ശേഷം മികച്ച നിക്ഷേപ താത്പര്യവുമായി ഇന്ത്യൻ വിപണിയിൽ സജീവമാകുന്നു
2. വിപണിയിലുണ്ടായ തിരുത്തലിൽ ഓഹരികളുടെ വില കുറഞ്ഞതിനാൽ ആഭ്യന്തര, വിദേശ ഫണ്ടുകൾ വാങ്ങൽ ശക്തമാക്കി
3. അമേരിക്കയിൽ പലിശ കുറയുന്നതും ഡോളറിന്റെ മൂല്യം ഇടിയുന്നതും ഇന്ത്യൻ വിപണിയുടെ നിക്ഷേപ സാദ്ധ്യതകൾ മെച്ചപ്പെടുത്തുന്നു
4. ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ഉത്പന്നങ്ങൾ വാങ്ങാൻ യൂറോപ്പും ചൈനയും ഒരുങ്ങുന്നു
മാർച്ചിൽ വിപണി മൂല്യത്തിലെ വർദ്ധന
35 ലക്ഷം കോടി രൂപ
നടപ്പുവർഷത്തെ നഷ്‌ടം നികത്തി രൂപ@85.67
വിദേശ നിക്ഷേപകരുടെ പണമൊഴുക്കും ആഗോള വിപണിയിലെ ഡോളറിന്റെ ദൗർബല്യവും ഇന്ത്യൻ രൂപയ്ക്ക് കരുത്ത് വർദ്ധിപ്പിക്കുന്നു. നടപ്പുവർഷം ആദ്യ രണ്ട് മാസങ്ങളിലുണ്ടായ മൂല്യയിടിവ് പൂർണമായും നികത്തിയാണ് ഇന്നലെ രൂപ വ്യാപാരം പൂർത്തിയാക്കിയത്. ഏഴ് ദിവസത്തിനിടെ രൂപയുടെ മൂല്യത്തിൽ 154 പൈസയുടെ വർദ്ധനയാണുണ്ടായത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 31 പൈസ നേട്ടവുമായി 85.67ൽ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |