കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പൊലീസ്. കൊച്ചിയിൽ ജനുവരിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് കേസെടുത്തത്. മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ ഹാജരായിട്ടില്ല.
ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് ജനുവരി 23ന് കൊച്ചിയിൽ നടത്തിയ 'ഉയിരെ' എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും. ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്ര, പാർക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗൺസർമാർക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 34 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പെെസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയിൽ പറയുന്നത്.
പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും നിജു ആരോപിക്കുന്നു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |