തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് എൻ.എസ്.എസിന്റെ കേസിലെ സുപ്രീം കോടതി ഉത്തരവ് മറ്റു മാനേജമെന്റുകൾക്കും ബാധകമാക്കുന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി വി.ശിവൻകുട്ടിക്കു വേണ്ടി മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഭിന്നശേഷി സംവരണ നിയമനങ്ങൾ പൂർണമായി നടപ്പാക്കും വരെ 2021നവംബറിനു ശേഷമുള്ള ഒഴിവുകൾ ദിവസവേതന അടിസ്ഥാനത്തിൽ നികത്താനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരേ നായർ സർവീസ് സൊസൈറ്റി സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ അനുവദിച്ച കോടതി, സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് മാറ്റിവച്ചിട്ടുള്ള തസ്തികകൾ ഒഴികെ മറ്റു ഒഴിവുകളിൽ സ്ഥിരനിയമനത്തിന് അനുമതി നൽകി. നിയമിതരായവരുടെ സേവനകാലം ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ക്രമീകരിക്കാനും നിർദ്ദേശിച്ചു. എൻ.എസ്.എസും സമാന സൊസൈറ്റികളും ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റി വയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതുപ്രകാരം സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ ജീവനക്കാർക്ക് കൂടി ബാധകമാക്കുന്നതിനെക്കുറിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമെന്ന് വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കോഴിക്കോട്ടെ എയ്ഡഡ് സ്കൂൾ നിയമനത്തിനും അംഗീകാരം
കൊച്ചി: ഭിന്നശേഷിക്കാരുടെ 3 ശതമാനം സംവരണ സീറ്റുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പാലിച്ച് കോഴിക്കോട്ടെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. പുന്നശ്ശേരി കുട്ടമ്പൂർ എച്ച്.എസ്.എസ് അദ്ധ്യാപിക പി. ജാബിറയുടെ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. എൻ.എസ്.എസ് കേസിൽ, എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായിരുന്നു സുപ്രീം കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |