കൊച്ചി: സംസ്ഥാനത്തെ 24 വിദൂര ആദിവാസി ഊരുകളിൽ സോളാർ വൈദ്യുതിക്കുള്ള സാദ്ധ്യതാ പഠനം പൂർത്തിയായി. 750 വീടുകളിലാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. ഇടുക്കി, വയനാട്, എറണാകുളം, പാലക്കാട് ജില്ലകളിലെ ഊരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പട്ടികജാതി പട്ടികവർഗവകുപ്പും വൈദ്യുതിവകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് ഉടൻ കേന്ദ്രസർക്കാരിന് കൈമാറും.
പാലക്കാട്ടെയും മലപ്പുറത്തെയും നാല് ആദിവാസി ഊരുകളിലെ 98 വീടുകളിൽ പാനലുകൾ സ്ഥാപിക്കാൻ കേന്ദ്രാനുമതി ലഭിച്ചു. തേക്കടി അല്ലിമൂപ്പൻ, തേക്കടി അല്ലിമൂപ്പൻ അക്കരെ, കുരിയാർകുട്ടി, മലപ്പുറത്തെ മാഞ്ചീരി എന്നിവയാണ് അനുമതി ലഭിച്ച മറ്റ് ഊരുകൾ. ഇവിടെ ആറുമാസത്തിനുള്ളിൽ സോളാർ വൈദ്യുതിയെത്തും.
2017ൽ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതിവത്കരണ സംസ്ഥാനമായപ്പോഴും ഭൂരിഭാഗം ആദിവാസി ഊരുകളും ഇരുട്ടിലായിരുന്നു. ഉൾക്കാട്ടിൽ വൈദ്യുതി ലൈനുകളെത്തിക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്. ഭൂഗർഭകേബിലൂടെ അട്ടപ്പാടിയിലെ ഊരുകളിലടക്കം വൈദ്യുതി എത്തിച്ചു. ഈ സാദ്ധ്യതപോലുമില്ലാത്ത ഊരുകളിലാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്.
196 കോടിയുടെ പദ്ധതി
ഊരുകളിൽ വൈദ്യുതി എത്തിക്കാൻ വൈദ്യുതിവകുപ്പ് നീക്കിവച്ചത്- 196 കോടി രൂപ
പദ്ധതിയുടെ നടത്തിപ്പ് ചുമതല അനെർട്ടിന്
വീടൊന്നിന് രണ്ട് മുതൽ മൂന്ന് കിലോവാട്ടിന്റെ സോളാർ പാനൽ സ്ഥാപിക്കും
എട്ട് യൂണിറ്റ് വൈദ്യുതിവരെ ലഭിക്കും
നാല് ഊരുകളിലെ വീടൊന്നിന് 50,000 വീതം 48 ലക്ഷം കേന്ദ്രമനുവദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |