ലക്‌നൗ: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ പാര പ്രദേശത്താണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ് 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 16പേർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സർക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിൽ രാത്രി ഭക്ഷണം കഴിച്ച കുട്ടികളെല്ലാം അവശരായതോടെയാണ് ഭക്ഷ്യവിഷബാധയുണ്ടായെന്ന് അറിയുന്നത്. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവം നടക്കുമ്പോൾ സ്ഥാപനത്തിൽ ആകെ 146 കുട്ടികളാണ് ഉണ്ടായിരുന്നത്. ചില ജീവനക്കാർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. 'ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടികളിൽ കടുത്ത നിർജ്ജലീകരണം സംഭവിച്ചിരുന്നു. ഞങ്ങളുടെ പരമാവധി ശ്രമിച്ചിട്ടും രണ്ട് കുട്ടികൾ മരിച്ചു', ലോക് ബന്ധു രാജ് നാരായൺ കമ്പൈൻഡ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാജീവ് കുമാർ ദീക്ഷിത് പറഞ്ഞു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഖിച്ച്ഡിയും തൈരും കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾ രോഗബാധിതരായത്. പുനരധിവാസ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയാണ് അനാഥക്കുട്ടികളുടെ ദാരുണമായ മരണത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താൻ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് ഒരു കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ വകുപ്പിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കുട്ടികളോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്‌തു. പുനരധിവാസ കേന്ദ്രത്തിൽ നിന്ന് ഇവർ ഭക്ഷണത്തിന്റെ സാമ്പിളും ശേഖരിച്ചു. അധികം വൈകാതെ തന്നെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |