തിരുവനന്തപുരം: മൂല്യനിർണയത്തിന് കേരള സർവകലാശാല പരീക്ഷ പ്രോട്ടോക്കോൾ നടപ്പാക്കും. എം.ബി.എ പരീക്ഷയുടെ ഉത്തരക്കടലാസുകൾ അദ്ധ്യാപകനിൽ നിന്ന് നഷ്ടമായ സാഹചര്യത്തിലാണ് നടപടി. എം.ബി.എ മൂന്നാം സെമസ്റ്ററിന്റെ ‘പ്രൊജക്ട് ഫിനാൻസ്’ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് കഴിഞ്ഞ ജനുവരിയിൽ നഷ്ടമായത്.
പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലെ ഗസ്റ്റ് അദ്ധ്യാപകൻ പ്രമോദ് സ്വദേശമായ പാലക്കാട്ട് ബൈക്കിൽ പോവുന്നതിനിടെയായിരുന്നു സംഭവം. പ്രമോദ് ജനുവരിയിൽ തന്നെ വിവരമറിയിച്ചെങ്കിലും സർവകലാശാലയുടെ തുടർ നടപടികൾ വൈകി. ഉടൻ പ്രത്യേക പരീക്ഷ നടത്തിയിരുന്നെങ്കിൽ വിദ്യാർത്ഥികളുടെ മൂന്നു മാസം നഷ്ടമാകുമായിരുന്നില്ല.
സിൻഡിക്കേറ്റിന്റെ പരീക്ഷാ ഉപസമിതിയുടെ ചർച്ചയ്‌ക്ക് ശേഷമാണ് വിഷയം സിൻഡിക്കേറ്രിൽ അവതരിപ്പിച്ചത്. കഴിഞ്ഞ 17ന് ചേർന്ന സിൻഡിക്കേറ്റിൽ വിഷയമെത്തിയപ്പോഴും കാര്യമായി ചർച്ചയുണ്ടായില്ല. അപ്പോഴാണ് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ വിവരമറിഞ്ഞത്. പരീക്ഷ നടത്തണോ അല്ലാതെ മാർക്ക് നൽകണോയെന്നതായിരുന്നു ചർച്ച. തുടർന്ന് പരീക്ഷ നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
എന്നാൽ മൂന്നു തവണ നോട്ടീസ് നൽകിയ ശേഷമാണ് അദ്ധ്യാപകൻ ഉത്തരക്കടലാസുകൾ നഷ്ടമായ വിവരം അറിയിച്ചതെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു. പാലക്കാട് പൊലീസിൽ പരാതി നൽകിയതിന്റെയും എഫ്.ഐ.ആറിന്റെയും രേഖകൾ പിന്നാലെ എത്തിച്ചു. മൂല്യനിർണയത്തിന് നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
മൂല്യനിർണയത്തിന് പ്രതിഫലമില്ല
ഉത്തരക്കടലാസ് മൂല്യനിർണയം അദ്ധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഇതോടെ മൂല്യനിർണയം നടത്തുന്നവർക്ക് പ്രതിഫലം നൽകാനാവാത്ത സ്ഥിതിയായി. അദ്ധ്യാപകർക്ക് ഇതിനോട് എതിർപ്പാണ്. അതിനാലാണ് സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |