രണ്ട് 'സായ്" മാരാണ് ഗുജറാത്ത് ടൈറ്റൻസിനുള്ളത്. രണ്ടുപേരും തമിഴ്നാട്ടിൽ നിന്നുള്ളവർ. ഒരാൾ ബാറ്റിംഗിലും അടുത്തയാൾ ബൗളിംഗിലും കുന്തമുനയാകുന്നു. ബാറ്റിംഗിലുള്ളത് 23കാരനായ സായ് സുദർശൻ. ബൗളിംഗിൽ 28കാരനായ സായ് കിഷോർ.ഇരുവരും ഇടംകയ്യന്മാർ.
കഴിഞ്ഞ രാത്രി ആർ.സി.ബിക്ക് എതിരായ മത്സരത്തിൽ ഒറ്ററൺസിന് അർദ്ധസെഞ്ച്വറി നഷ്ടമായ സായ് സുദർശൻ ആദ്യ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയിരുന്നു. ഇടംകയ്യൻ ബാറ്ററായ സായ് സുദർശൻ പഞ്ചാബിന് എതിരായ ആദ്യ മത്സരത്തിൽ 41 പന്തുകളിൽ 74 റൺസാണ് നേടിയത്. രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെതിരെ 41 പന്തുകളിൽ 63 റൺസും. ഇതിന് പിന്നാലെയാണ് ആർ.സി.ബിക്ക് എതിരെ 36 പന്തുകളിൽ 49 റൺസ് നേടിയത്. 186 റൺസുമായി സീസണിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് സായ് സുദർശൻ.
ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി-20യും കളിച്ചിട്ടുള്ള താരമാണ് ചെന്നൈ സ്വദേശിയായ സായ് സുദർശൻ. 2023ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു ഏകദിന അരങ്ങേറ്റം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും അർദ്ധസെഞ്ച്വറിയും നേടി. കഴിഞ്ഞ വർഷം ജൂലായ്‌യിൽ സിംബാബ്‌വെ പര്യടനത്തിൽ ഒരു പ്ളേയിംഗ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. ഗുജറാത്ത് ടൈറ്റൻസിലൂടെ ഐ.പി.എൽ അരങ്ങേറ്റം നടത്തിയ സായ് സുദർശൻ ഇതുവരെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച 28 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും എട്ട് അർദ്ധസെഞ്ച്വറികളു മടക്കം 1220 റൺസ് നേടിയിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റൻസ് ടീമിൽ സയന്റിസ്റ്റ് എന്ന വിളിപ്പേരിലാണ് ഇടംകയ്യൻ സ്പിന്നറായ സായ് കിഷോർ അറിയപ്പെടുന്നത്. പന്തേറിൽ വ്യത്യസ്ത വരുത്തുന്നതിലും ബാറ്റർമാരെ കുരുക്കുന്നതിന് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലുമുള്ള ജാഗ്രതകാരണം മുൻ ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണ് ഈ വിശേഷണം നൽകിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറുവിക്കറ്റുകളാണ് ഈ സീസണുകളിൽ നേടിയത്. പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് തുടക്കം.മുംബയ്‌ക്ക് എതിരെ ഒരു വിക്കറ്റും ആർ.സി.ബിയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
സായ് കിഷോറിന്റേയും ആദ്യ ഐ.പി.എൽ ടീമാണ് ടൈറ്റൻസ്.ഇതുവരെ 13 മത്സരങ്ങളിൽ നിന്ന് ടീമിനുവേണ്ടി 19 വിക്കറ്റുകൾ നേടി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനുവേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |