പത്തനംതിട്ട: ഒറ്റ രാത്രികൊണ്ട് കിണർ വെള്ളം പൂർണമായും നിറം മാറി. പത്തനംതിട്ടയിലെ അതുമ്പംകുളത്താണ് സംഭവം. ആനന്ദൻ എന്നയാളുടെ വീട്ടിൽ കഴിഞ്ഞ 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളമാണ് പെട്ടെന്ന് വെള്ള നിറത്തിലേക്ക് മാറിയത്.കിണറ്റിൽ വെള്ളത്തിന് പകരം പാലാണോ എന്നുപോലും കണ്ട പലർക്കും സംശയം തോന്നി. കാരണമറിയാൻ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റിൽ നിന്നും ഇപ്പോൾ കിട്ടുന്ന വെള്ളത്തിന്റെ നിറം വെള്ളയാണ്. പാൽ പോലെ വെള്ളത്തിന്റെ നിറം മാറിയതിന്റെ ആശങ്കയിലാണ് അതുമ്പംകുളത്തെ ആനന്ദനും കുടുംബവും. മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളം നിറം മാറാൻ സാദ്ധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല.
ദൂരെസ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് ദൈനംദിന ആവശ്യത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട് എന്നാണ് പഞ്ചായത്ത് മെമ്പർ രഞ്ജു പറയുന്നത്. ഇതിന്റെ ഫലം അറിഞ്ഞാൽ മാത്രമേ കിണർ മൂടണോ ഉപയോഗിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു. കടുത്ത ജലദൗർലഭ്യം നേരിടുന്ന പ്രദേശത്തെ വേനലിലും വറ്റിയിട്ടില്ലാത്ത കിണറ്റിലെ വെള്ളമാണ് നിറം മാറിയത്. ഈ കിണർ ഉപയോഗശൂന്യമായാൽ കുടിവെള്ളത്തിന് മറ്റ് സൗകര്യങ്ങൾ പഞ്ചായത്ത് അധികൃതർ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |