തിരുവനന്തപുരം: ജൈവ - അജൈവ മാലിന്യം തരംതിരിക്കലിന് ബാർട്ടോബിന്നുമായി എൻജിനിയറിംഗ് വിദ്യാർത്ഥികൾ. തിരുവനന്തപുരം, ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിംഗ് കോളേജിലെ അവസാനവർഷ ഐ.ടി വിദ്യാർത്ഥികളായ വിമുൻ, ജിൻസോരാജ് എന്നിവരാണ് യന്ത്രം കണ്ടുപിടിച്ചത്. കോളേജിന്റെ പേരു ചേർത്താണ് ബാർട്ടോബിൻ എന്നിട്ടത്. കോളേജിലെ ഇൻക്യുബേഷൻ സെന്ററിൽ ഇരുവരും ചേർന്ന് ആരംഭിച്ച റെഡ്ഫോക്സ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് വഴിയാണ് കണ്ടുപിടിത്തം നടത്തിയത്.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാളുകൾ എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കാം. ലോഹപ്പെട്ടിയുടെ രൂപത്തിലുള്ള യന്ത്രത്തിന് രണ്ടരമീറ്റർ നീളവും ഒന്നരമീറ്റർ വീതിയുമുണ്ട്. പേപ്പർ, മെറ്റൽ, പ്ലാസ്റ്റിക്ക്, ഭക്ഷണാവശിഷ്ടം എന്നിവയ്‌ക്കായി നാലു കമ്പാർട്ട്മെന്റുണ്ട്. ഇവ വേർതിരിക്കുന്നതിന് നാലു സ്വിച്ചുകളും. നടുവിൽ ത്രികോണാകൃതിയിൽ വേസ്റ്റ് കളക്ടറുണ്ട്.
പ്ലാസ്റ്റിക്ക് മാലിന്യമിട്ട ശേഷം അതിന്റെ സ്വിച്ചമർത്തുമ്പോൾ വേസ്റ്റ് കളക്ടർ കറങ്ങി ആദ്യത്തെ കമ്പാർട്ട്മെന്റിൽ മാലിന്യം വേർതിരിച്ചിടും. ഇങ്ങനെ വേഗത്തിൽ ഓരോ മാലിന്യവും വേർതിരിക്കാം. മോട്ടോറുപയോഗിച്ചാണ് പ്രവർത്തനം. എ.ഐ ക്യാമറ ഉപയോഗിച്ചുള്ള മാലിന്യം വേർതിരിക്കൽ രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കും. പാലക്കാട് ചിറ്റൂർ സ്വദേശിയാണ് വിമുൻ. അച്ഛൻ: അനന്തൻ, അമ്മ: രതി, സഹോദരി: ഐശ്വര്യ. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് ജിൻസോരാജ്. അച്ഛൻ: ജയരാജ്, അമ്മ: അനിത, സഹോദരി: ജിൻസി.
പിന്തുണച്ച് സ്മാർട്ട് സിറ്റി
കോളേജിലെ ടി.പി.എൽ.സി (ട്രാൻസ്ലേഷണൽ റിസേർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ) 50,000 രൂപ കണ്ടുപിടിത്തത്തിനായി അനുവദിച്ചിരുന്നു. ബാർട്ടോബിൻ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് സ്മാർട്ട് സിറ്റിയുമായി ചർച്ച നടത്തിയിരുന്നു. ബാർട്ടോബിൻ പുറത്തിറക്കാൻ സ്മാർട്ട് സിറ്റി ഫണ്ട് നൽകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. അദ്ധ്യാപിക ഡോ. എ.പി. ഹരിപ്രിയ, ടി.പി.എൽ.സി കോ-ഓർഡിനേറ്റർ സുജ എന്നിവരും പിന്തുണച്ചു.
മാലിന്യം മനുഷ്യർ തരംതിരിക്കാൻ മണിക്കൂറുകളെടുക്കും. ഫുഡ്‌വേസ്റ്റുൾപ്പെടെ കൈകൊണ്ട് എടുക്കേണ്ടി വരും. ഇത് പരിഹരിക്കുകയാണ്ലക്ഷ്യം.
- വിമുൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |