തിരുവനന്തപുരം: നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സും വിഷയങ്ങളും മാറാനും കോളേജൊ യൂണിവേഴ്സിറ്റിയൊ മാറിപ്പോവാനുമുള്ള സ്വിച്ചിംഗ് സംവിധാനത്തിന്റെ രൂപരേഖ ഉടൻ തയ്യാറാവും. ഇതിനായി രജിസ്ട്രാർമാരുടെ സമിതി 17ന് യോഗം ചേരും. 22ന് മന്ത്രി ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമരൂപമാവും. മൂന്നാം സെമസ്റ്ററിലേക്ക് കടക്കുന്നവർക്കാണ് കോഴ്സ് അടക്കം മാറാനുള്ള സൗകര്യം. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന മേജർ, മൈനർ വിഷയങ്ങൾ മൂന്നാംസെമസ്റ്ററിൽ മാറി പുതിയവ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാവും. അടിസ്ഥാന യോഗ്യതയുണ്ടെങ്കിൽ ആർട്സുകാർക്ക് സയൻസിലേക്കും മാറാം. മൾട്ടി ഡിസിപ്ലിനറി, എൻഹാൻസ്മെന്റ് എബിലിറ്റി കോഴ്സുകളിൽ മാത്രം മാറ്റം അനുവദിക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത്. ഇത് വിപുലപ്പെടുത്താനാണ് തീരുമാനം. കോഴ്സ് മാറ്റത്തിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (എസ്.ഒ.പി) രജിസ്ട്രാർമാരുടെ സമിതി തയ്യാറാക്കും. ഇത് സർക്കാർ അംഗീകരിക്കുന്നതോടെ കോഴ്സ് മാറ്റത്തിന് സർവകലാശാലകൾ വിജ്ഞാപനമിറക്കും.
കേരളത്തിലെ ഏത് കോളേജിലേക്കും യൂണിവേഴ്സിറ്റിയിലേക്കും സീറ്റൊഴിവുണ്ടെങ്കിൽ പഠനം അവിടേക്ക് മാറ്റാനും അനുവദിക്കും. ഇതിനും ചട്ടങ്ങളുണ്ടാക്കും. കോഴ്സ്, കോളേജ് മാറ്റത്തിൽ സുതാര്യത ഉറപ്പാക്കും. കുട്ടികൾക്ക് ഇഷ്ടവിഷയങ്ങൾ അനുവദിക്കണമെന്ന് കോളേജുകൾക്കും കർശനനിർദ്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |