ന്യൂഡൽഹി : ഓശാന ഞായർ ആയിരുന്ന ഇന്നലെ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്കുള്ള കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് ചർച്ചിൽ നിന്ന് അശോക് പ്ലേസിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ വരെ 12 കിലോമീറ്ററിൽ കുരിശിന്റെ വഴി നടത്താൻ അനുമതി തേടിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത്തവണ പൊലീസ് അനുമതി നിഷേധിച്ചുവെന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളി വികാരി ഫാദർ ഫ്രാൻസിസ് സ്വാമിനാഥൻ വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടു മണിക്ക് സെന്റ് മേരീസ് ചർച്ചിൽ നിന്ന് തുടങ്ങാനായിരുന്നു പദ്ധതി. അനുമതി നിഷേധിച്ചതിനാൽ ഉച്ചയ്ക്ക് മൂന്നരയോടെ കത്തീഡ്രൽ വളപ്പിൽ വിശ്വാസികൾ കുരിശിന്റെ വഴി പ്രദക്ഷിണം നടത്തി.
അനുമതി നൽകുന്നതിൽ രഹസ്യാന്വേഷണ ഏജൻസികൾ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സൂചന. വഖഫ് ഭേദഗതി ബില്ലിനോട് ഓൾഡ് ഡൽഹി മേഖലയിൽ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലെന്നാണ് സൂചന. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ സേക്രഡ് ഹാർട്ട് കത്തീഡ്രൽ മുൻപ് സന്ദർശിച്ചിരുന്നു.
`കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നൽകാത്തത് സുരക്ഷാ കാരണങ്ങളാൽ. ശനിയാഴ്ച ഹനുമാൻ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കും അനുമതി നൽകിയിരുന്നില്ല.'
- ജോർജ് കുര്യൻ,
കേന്ദ്രസഹമന്ത്രി
പ്രതിഷേധാർഹം:
മുഖ്യമന്ത്രി
തിരുവനന്തപുരം: കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത് ന്യൂനപക്ഷ വിരുദ്ധ നീക്കമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ക്രമസമാധാനപാലനം, ഗതാഗതക്കുരുക്ക് തുടങ്ങി ആർക്കും ബോദ്ധ്യപ്പെടാത്ത ന്യായങ്ങളാണ് അനുമതി നിഷേധിക്കലാണ് കാരണങ്ങളായി പറയുന്നത്. നടപടി അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വിശ്വാസ-ആരാധനാ സ്വാതന്ത്ര്യത്തിന് എതിരാണ്. ഹോളി ആഘോഷ സമയത്ത് ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയങ്ങളെ ടാർപോളിൻ ഉപയോഗിച്ചു മൂടിയതും എം.എ. ബേബി ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യത്തിൽ
കടന്നുകയറ്റം:
വി.ഡി.സതീശൻ
ഓശാനയോട് അനുബന്ധിച്ച് ഡൽഹി സെന്റ് മേരീസ് പള്ളിയിൽ നിന്നു സേക്രട്ട് ഹാർട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനാധിപത്യ വിരുദ്ധവും മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെ സംഘ്പരിവാർ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് രാജ്യതലസ്ഥാനത്തും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്കേർപ്പെടുത്തിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കി വർഗീയത വളർത്തി എങ്ങനെയും ഭരണം നിലനിർത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവ വീടുകളിൽ ഈസ്റ്ററിന് കേക്കുമായി എത്തുന്ന അതേ ബി.ജെ.പിയും സംഘ്പരിവാറുമാണ് രാജ്യത്ത് ഉടനീളെ ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ഇതേ സംഘ്പരിവാറാണ് ജബൽപൂരിൽ ഉൾപ്പെടെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |