മലപ്പുറം: കരിപ്പൂർ വിമാനത്താവളം റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തി അടുത്ത വർഷം മൺസൂണിന് മുമ്പ് പൂർത്തിയാക്കിയേക്കും. ഒന്നര മാസത്തിന് ശേഷം മഴക്കാലം ആരംഭിക്കുന്നതോടെ റെസ വികസന പ്രവൃത്തി താത്‌കാലികമായി നിറുത്തിവയ്‌ക്കേണ്ടി വരും. അതിന് മുന്നോടിയായി പരമാവധി ചെയ്ത് തീർക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മണ്ണെടുക്കാൻ 75 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും സ്റ്റേറ്റ് എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇവയ്‌ക്കെല്ലാം ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുന്നതിനനുസരിച്ച് അതത് പ്രദേശത്തെ മണ്ണെടുത്ത് റൺവേ എൻഡ് സേഫ്റ്റി ഏരിയ മണ്ണിട്ട് ഉയർത്തി ദീർഘിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്.
റൺവേയുടെ രണ്ടറ്റങ്ങളിലും 150 മീറ്റർ വീതം നീളം വർദ്ധിപ്പിച്ച് 240 മീറ്ററാക്കണം. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണാണ് റെസ വികസനത്തിന് ആവശ്യമായി വരുന്നത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ റൺവേയുടെ രണ്ടറ്റങ്ങളിലേയും സുരക്ഷാ മേഖലയായ റെസ നീളം വർദ്ധിപ്പിക്കുന്ന പദ്ധതിയാണിത്. 2020 ആഗസ്റ്റ് ഏഴിന് 21 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന് ശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള സർവീസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. അപകട കാരണങ്ങളും സുരക്ഷയും പരിശോധിക്കാൻ രൂപവത്ക്കരിച്ച സമിതിയുടെ നിർദ്ദേശ പ്രകാരമാണ് 90 മീറ്ററിൽ നിന്ന് 240 മീറ്ററായി റെസ ഉയർത്തുന്നത്.
പ്രതികൂലമല്ല
കരിപ്പൂരിലേക്കുള്ള സർവീസ് ഗൾഫ് എയർ നിറുത്തിയത് കഴിഞ്ഞ 31ന് പുലർച്ചെ അഞ്ചിനാണ്. എന്നാൽ, ഇത് കരിപ്പൂർ വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് വിമാനത്താവള അധികൃതർ പറയുന്നത്. 14 എയർലൈൻ കരിപ്പൂർ വിമാനത്താവളത്തിനുണ്ട്. നിരവധി വിമാന സർവീസുകൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ആഴ്ചയിൽ 300 വിമാന സർവീസുകളാണ് കരിപ്പൂരിൽ നിന്ന് നടത്തുന്നത്.
ഗൾഫ് എയർ ബഹറൈനിൽ നിന്ന് കരിപ്പൂരിലേക്ക് നേരിട്ടും യു.എ.ഇ, സൗദി, യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കണക്ഷനായുമാണ് സർവീസ് നടത്തിയിരുന്നത്. 159 സീറ്റുള്ള എയർബസ് എ 320 ഇനത്തിൽപ്പെട്ട എയർ ക്രാഫ്റ്റായിരുന്നു ഉപയോഗിച്ചിരുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരുന്നു സർവീസ്. ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിച്ചിരുന്നത് യാത്രക്കാർക്ക് ആശ്വാസമായിരുന്നു. മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് നിരക്കും കുറവായിരുന്നു.
അടുത്ത വർഷം മൺസൂണിന് മുന്നേ റെസ വികസന പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഗൾഫ് എയർ സർവീസ് നിറുത്തിയതിന്റെ കാരണം അവർ അറിയിച്ചിട്ടില്ല. ഒരു വിമാനം നിറുത്തിയത് കരിപ്പൂർ വിമാനത്താവളത്തെ ബാധിക്കില്ല.
സി.വി.രവീന്ദ്രൻ, വിമാനത്താവള ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |