ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര നഗരസഭ പരിധിയിലും പഞ്ചായത്ത് പ്രദേശങ്ങളിലും മലയോര പ്രദേശത്തുമായി ഒട്ടനവധി ചിപ്സ് കടകളാണുള്ളത്. ചക്ക ചിപ്സുകൾക്കും വാഴയ്ക്ക ചിപ്സുകൾക്കും ചെലവ് കുറവൊന്നുമില്ല. ഇവ വേനൽ മഴയിൽ തണുത്തിട്ടും മുറുമുറാന്ന് തന്നെയാണ്. ഇതിനു കാരണം ചിപ്സ് വറുക്കുന്ന എണ്ണയിൽ പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കുന്നതാണെന്നാണ് ആക്ഷേപം.
എന്ത് കെമിക്കലുകളാണ് ചേർത്തിട്ടുള്ളതെന്ന് കണ്ടെത്താൻ നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. ഭക്ഷ്യ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന എണ്ണകൾ ആഴ്ചകൾ കഴിഞ്ഞാലും മാറ്റാതെയാണ് പല കടകളിലും ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തരം എണ്ണകൾ ഉപയോഗിക്കുന്നതിന് ക്യാൻസറിന് വരെ കാരണമായേക്കമെന്ന് വിദഗ്ധർ പറയുന്നു.
മുനിസിപ്പാലിറ്റി സർക്കിളിലും ഗ്രാമപഞ്ചായത്ത് പരിധികളിലും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പലയിടത്തും ഹെൽത്ത് പരിശോധനകൾ നടക്കുന്നില്ലെന്ന പരാതിയാണുള്ളത്. പ്ലാസ്റ്റിക് എണ്ണയിൽ ഇടുന്നതിന്റെ ദൃശ്യം സഹിതം നാട്ടുകാർ രേഖാമൂലം പിടികൂടി ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറിയ വാർത്തയും അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വില കുറഞ്ഞ കെമിക്കൽ എണ്ണ
നെയ്യാറ്റിൻകര പ്രദേശങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന വില കുറഞ്ഞ കെമിക്കൽ ചേർത്ത വെളിച്ചെണ്ണകൾ സുലഭമായി ലഭിക്കുന്ന കടകളും സജീവമായിട്ടുണ്ട്. കേരളത്തിലെ വിപണിയിൽ 290 രൂപയ്ക്ക് ലഭിക്കുന്ന വെളിച്ചെണ്ണ ഒറ്റശേഖരമംഗലം, ആര്യങ്കോട്, പെരുങ്കടവിള, മാരായമുട്ടം തുടങ്ങിയ പ്രദേശങ്ങളിൽ തമിഴ്നാട്ടിൽ നിന്നും കെമിക്കൽ ചേർത്ത് റോഡ് വക്കത്ത് 80, 60രൂപ ഒരു ലിറ്ററിന് കുറച്ച് വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ്. വിപണിയിലെ വിലയെക്കാൾ കുറഞ്ഞതുകൊണ്ട് സാധാരണക്കാരും ഈ എണ്ണ വാങ്ങി ഉപയോഗിക്കാറുണ്ട്.
ഡേറ്റ് കഴിഞ്ഞ ചിപ്സുകളും വിപണിയിൽ
കെമിക്കൽ ചേർത്ത എണ്ണകൾ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ രാത്രികാലത്താണ് ബാരൽ കണക്കിന് എത്തിച്ചേരുന്നത്. മാസങ്ങളും ആഴ്ചകളും കഴിഞ്ഞ എണ്ണകളാണ് ഗ്രാമങ്ങളിലും നഗരസഭ പരിധിയിലുമായി ഭക്ഷ്യോത്പാദനത്തിനായി ഉപയോഗിക്കുന്നത്. ആഴ്ചകൾ പഴക്കം ചെന്ന വാഴയ്ക്ക ചിപ്സ്, ചക്ക ചിപ്സ്, മുറുക്ക്, ഉണ്ണിയപ്പം തുടങ്ങിയവ മാസങ്ങളോളം പായ്ക്കറ്റുകളിൽ ചീത്തയാകാതെ വിപണിയിൽ ഉണ്ടാകും. ഇതിൽ ഡേറ്റ് തീർന്നവ തിരികെയെടുത്ത് അതിൽ പുതിയ തീയതിയാക്കി വീണ്ടുമെത്തിക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |