തിരുവനന്തപുരം:ഒന്നാംക്ളാസിലെ കുട്ടികൾക്ക് പരീക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ഒന്നാംക്ളാസിലെ കുട്ടികൾക്ക് പരീക്ഷ നടത്തുന്നത് അവരിൽ സമ്മർദ്ദം ഉണ്ടാക്കുന്നതായി മുഖ്യമന്ത്രി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് പല സ്ഥലത്തും കുട്ടികൾക്ക് ഒന്നാംക്ളാസിൽ പരീക്ഷ നടത്താത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാജ സൈറ്റിനെതിരെ
പരാതി നൽകും:
മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചെന്ന അടിസ്ഥാനരഹിതമായ വാർത്ത നൽകിയ വ്യാജസൈറ്റിനെതിരെ പരാതി നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഉത്തർപ്രദേശ് ആസ്ഥാനമായ കേരളം ബോർഡ് ഒഫ് പബ്ളിക് എക്സാമിനേഷൻസെന്ന വ്യാജ വെബ് സൈറ്രാണ് വാർത്ത നൽകിയത്. bpekerala പേരിൽ പ്രവർത്തിക്കുന്ന ഈ സൈറ്റ് പരീക്ഷാഭവനുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിടുന്നുണ്ട്. റിസൾട്ട് 27ന് പ്രസിദ്ധീകരിച്ചതായാണ് വാർത്ത പുറത്തുവിട്ടത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല, ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പി.എം.ശ്രീ പ്രതിസന്ധി സംബന്ധിച്ച് മേയ് രണ്ടിന് ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഹയർ സെക്കന്ററി അദ്ധ്യാപകരുടെ സ്ഥലംമാറ്രം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി,ഹയർ സെക്കൻഡറി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,കൈറ്റ് സി.ഇ.ഒ എന്നിവരംഗങ്ങളായ കമ്മിറ്റി രൂപീകരിക്കും.
സംസ്കൃത സർവകലാശാല:
ഡിപ്ലോമ, പി.ജി.ഡിപ്ലോമ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |